ചരിത്രത്തിൽ ആദ്യമായി കേരളത്തിലേക്ക് ദക്ഷിണ റെയിൽവെ വിസ്റ്റാഡോം കോച്ച് അനുവദിച്ചു. മധുര - ഗുരുവായൂർ എക്സ്പ്രസിൽ സെങ്കോട്ട - പുനലൂർ റൂട്ടിലാണ് ഈ സേവനം ലഭ്യമാകുക. വലിയ ഗ്ലാസ് ജനലുകളുള്ള ഈ കോച്ചിലൂടെ യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ മനോഹരമായ പ്രകൃതിക്കാഴ്ചകൾ ആസ്വദിക്കാം.

തിരുവനന്തപുരം: കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ. ചരിത്രത്തിൽ ആദ്യമായി സെങ്കോട്ട - പുനലൂർ ഗാട്ട് റൂട്ടിലാണ് പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കുന്നതിനായി എക്സിക്യൂട്ടീവ് വിസ്ഡോം എസി എൽ.എച്ച്.ബി കോച്ച് അനുവദിച്ചത്. മധുര - ഗുരുവായൂർ - മധുര എക്സ്പ്രസിൽ ഈ കോച്ച് ലഭിക്കും. പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും.

വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര - ഗുരുവായൂർ എക്സ്പ്രസിൽ 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെയാണ് ഈ വിസ്റ്റാഡോം കോച്ച് താത്കാലികമായി പ്രവർത്തിക്കുക. തിരികെ, ഗുരുവായൂരിൽ നിന്ന് വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുര എക്സ്പ്രസിൽ 2026 ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെയും ഈ സേവനം ലഭ്യമാകും. ഒരു എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ച്, ഒരു 3-ടയർ എസി കോച്ച്, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഏഴ് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് ലഗേജ്/ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ഈ ട്രെയിനിലെ കോച്ചുകൾ.

ഇവി ക്ലാസ് കോഡിന് കീഴിൽ എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ചിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. സീറ്റുകൾ വേഗത്തിൽ തീരുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു. അടിസ്ഥാന നിരക്ക് 515 രൂപ മാത്രമാണെങ്കിലും, മുഴുവൻ ദൂരെയുള്ള യാത്രയ്ക്ക് 1,875 രൂപയാണ് നിരക്ക് വരുന്നത്. മധുര - ഗുരുവായൂർ എക്സ്പ്രസിന് പുതിയ ആകർഷണമാണ് വിസ്റ്റാഡോം കോച്ചിന്റെ വരവ്. വലിയ ഗ്ലാസ് ജനലുകളും തിരിക്കാവുന്ന സീറ്റുകളും ഉൾക്കൊള്ളുന്ന ഈ ടൂറിസ്റ്റ് ഫ്രണ്ട്‌ലി കോച്ച് യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ പനോരമിക് കാഴ്ചകൾ സമ്മാനിക്കും. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സെങ്കോട്ട ചുരത്തിലെ വളഞ്ഞുപുളഞ്ഞ പാതകളും ഹരിതാഭമായ പ്രകൃതിയും മലനിരകളും ഇനി യാത്രക്കാർക്ക് പരമാവധി സുഖസൗകര്യത്തോടെ ആസ്വദിക്കാം. പ്രകൃതിസ്നേഹികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്തമായ ഒരു യാത്രാനുഭവം ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഈ സേവനം ഏറെ പ്രയോജനപ്പെടും.