തിരുവനന്തപുരം: എല്‍ജിബിടിയും ലൈംഗികതൊഴിലാളികളുമടക്കമുള്ള സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സ്‌പേസസ് ഫെസ്റ്റിവല്‍. 'ലൈംഗികതയും ഇടങ്ങളും' എന്ന വിഷയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ശീതള്‍ ശ്യം, രഞ്ജിനി കൃഷ്ണന്‍, ജിജോ കുര്യാക്കോസ്, സിഎസ് ചന്ദ്രിക, വി എസ് ബിന്ദു എന്നിവര്‍ പങ്കെടുത്തു.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ മുഖ്യധാരാ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ തയ്യാറായിട്ടില്ലെന്ന് ശീതള്‍ ശ്യാം പറഞ്ഞു. സ്വന്തം വ്യക്തിത്വം തുറന്നുപറയാന്‍ തയ്യാറാകാത്ത സ്ത്രീകളാണ് ഇപ്പോഴും സമൂഹത്തിലുള്ളത്. എച്ച് ഐ വി പരത്തുന്നവരാണ് ലൈംഗിക തൊഴിലാളികള്‍ എന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള മെസ്സേജുകള്‍ പ്രചരിപ്പിക്കുകയും ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹത്തില്‍ നിന്നു തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും ശീതള്‍ പറഞ്ഞു. 
           
അടച്ചിടപ്പെട്ട ഇടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകളെന്ന് രഞ്ജിനി കൃഷ്ണന്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതില്‍ നിന്ന് സമൂഹം ഇന്നും മാറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .
            
സുപ്രീംകോടതി വിധി പോലും സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുമ്പോള്‍ സമൂഹത്തില്‍ നിന്ന് വിപരീതാനുഭവങ്ങള്‍ നേരുടന്നത് വേദനാജനകമാണെന്ന് ജിജോ കുര്യാക്കോസ് പറഞ്ഞു. താനാരെന്നു തുറന്നുപറയുമ്പോഴാണ് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും എന്നാല്‍ അതെപറ്റി പറയാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍, ഡോക്യുമെന്ററിയന്‍ എന്ന നിലയില്‍ അറിയപ്പെടാനും അതിനെക്കുറിച്ചു സംസാരിക്കാനും ആഗ്രഹിക്കുമ്പോള്‍ ലൈംഗികവ്യക്തിത്വം എന്ന ഒരു വിഷയത്തില്‍ മാത്രം ഒതുക്കിനിര്‍ത്തുന്നത് വളര്‍ച്ചയെത്താത്ത സമൂഹത്തിന്‍റെ കാഴ്ചയാണെന്നും ജിജോ പറഞ്ഞു. 

വിവാഹമെന്നത് അസംബന്ധമാണെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക അഭിപ്രായപ്പെട്ടു. വിവാഹമെന്ന കുരുക്കില്‍ ഇരകളായ സ്ത്രീകളെയാണ് താനേറെ കണ്ടിട്ടുള്ളതെന്നും കുടുംബങ്ങള്‍ രഹസ്യം പേറുന്നതും വെളിച്ചം കടക്കാത്തതുമായ ഇരുട്ടുമുറികളാണെന്നും കൂട്ടിച്ചേര്‍ത്തു. ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ നടത്തുന്ന സമരങ്ങളില്‍ ശാരീരികവും മാനസികവുമായ ഇടപെടലുകള്‍ ആവശ്യമാണ്. അതിനു തനിക്കു കഴിയാത്തതുകൊണ്ടാണ് എഴുത്തിലൂടെ തന്‍റെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. എഴുത്തില്‍ വൈകാരികതയും സ്വപ്നങ്ങളും വികാരവിചാരങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്നുവെന്നും സി എസ് ചന്ദ്രിക പറഞ്ഞു.