കോവളത്തെ സ്പായിൽ 16 വയസ്സുകാരിയെ ചൂഷണം ചെയ്ത കേസിൽ അന്വേഷണത്തിനായി ഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. സ്പാകളെ അനാശാസ്യ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എഡിജിപി പി വിജയൻ വ്യക്തമാക്കി.

തിരുവനന്തപുരം: സ്പാ കേന്ദ്രങ്ങൾ അനാശാസ്യ കേന്ദ്രങ്ങൾ ആക്കാൻ അനുവദിക്കില്ലെന്ന് എഡിജിപി പി വിജയൻ. ആയുർവേദത്തിന്റെ പേര് പറഞ്ഞാണ് ഇതെല്ലാം നടത്തുന്നത്. കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തെ അപമാനിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. കോവളം സ്പാ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല ഐജി ആർ നിശാന്ദിനിക്കാണെന്നും എഡിജിപി അറിയിച്ചു, അന്തർ സംസ്ഥാന ബന്ധം കണക്കിലെടുത്താണ് ഉന്ന ത ഉദ്യോഗസ്ഥയെ തന്നെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവളത്തെസ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്ത എല്ലാവരും കുടുങ്ങുമെന്ന് എഡിജിപി അറിയിച്ചു. പെണ്‍കുട്ടിയെ ആദ്യം കൊണ്ട് പോയത് ബെംഗളൂരുവിലാണ്. പിന്നീട് ചെന്നൈയിൽ എത്തിച്ചു. അവിടെ നിന്നാണ് കേരളത്തിൽ എത്തിച്ചത്. സ്വന്തം ബന്ധുക്കളാണ് പിന്നിൽ എന്നത് ഏറെ ഗൗരവകരമാണ്. പെൺകുട്ടിയെ ചൂഷണം ചെയ്ത ഒരാളെയും വെറുതെ വിടില്ലെന്ന് എഡിജിപി വ്യക്തമാക്കി. കളമശേരി കേസ് പരാമർശിച്ചു കൊണ്ട് ഒരു ശ്രീരാജ് അല്ല, പല ശ്രീരാജുമാരും ഈ ശൃംഖലയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാന്യമായി സ്പാ ബിസിനസ്സ് നടത്തുന്നതിന് ആരും എതിരല്ല. എന്നാൽ സ്പാകളെ ഒരു വേശ്യാലയം ആക്കി ആരും മാറ്റരുതെന്ന് എഡിജിപി താക്കീത് നൽകി.

സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു

കോവളത്തെ സ്പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. സൈബർ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. പ്രതിപട്ടിക നീളുമെന്നാണ് വിവരം. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും. ചെന്നൈയിലും പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം.

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് സ്പായിൽ പീഡനത്തിനിരയായത്. സ്പാ പീഡനത്തിൽ അന്തർ സംസ്ഥാന റാക്കറ്റ് എന്നാണ് നിഗമനം. അച്ഛനും അമ്മയും മരിച്ച് പോയ പെൺകുട്ടി പിന്നീട് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ നിർത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ക്രൂരമായ പീഡന വിവരം പുറത്തുവന്നത്. പൊലീസിനോട് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങുകയായിരുന്നു. ആന്ധ്രയിൽ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് സ്പാകളിൽ നിന്ന് പണം പോയിരുന്നത്. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്.

YouTube video player