ചെന്നൈ: കൊവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇതിഹാസ ഗായകൻ എസ്.ബി.ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ. ചെന്നൈയിലെ എം.ജി.എം ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിൽ കഴിയുന്നത്.

എസ്.പി.ബിയുടെ ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാൾ ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. അതേസമയം ഇപ്പോഴും എസ്.പി.ബി വെൻ്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

കൊവിഡ് പൊസീറ്റിവായ വിവരം എസ്.പി.ബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചെന്നും വീട്ടിൽ തന്നെ വിശ്രമിക്കാൻ ആരോഗ്യവിദഗ്ദ്ധർ നിർദേശിച്ചെങ്കിലും വീട്ടുകാരുടെ സുരക്ഷയെ കൂടി കരുതി ആശുപത്രിയിലേക്ക് മാറിയെന്നുമാണ് എസ്.പി.ബി അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതോടെ എസ്.പി.ബിയെ ഐ.സി.യുവിൽ എത്തിച്ച് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.