തിരുവനന്തപുരം: പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സ്വപ്ന സുരേഷിനെ അറിയാം അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. അവരുടെ പശ്ചാത്തലം അറിയേണ്ടതായിരുന്നു. അതിൽ ചെറിയ പിശക് പറ്റിയെന്നും പി ശ്രീരാമകൃഷ്ണൻ പറ‌ഞ്ഞു.   വിമര്‍ശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാൽ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

വിദേശ യാത്ര വിവാദത്തിൽ വിശദീകരണം:

ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസ് പ്രതികളിൽ നിന്ന് ഉണ്ടായിട്ടില്ല. എവിടെ നിന്നും കണ്ടിട്ടില്ല, സ്വപ്ന സുരേഷുമായി പരിചയം ഉണ്ട് സൗഹൃദമുണ്ട് , അവര് യുഎഇ കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ പരിചിത മുഖമാണ്. പശ്ചാത്തലം സംബന്ധിച്ച് അറിവു കിട്ടിയ ശേഷം ഒരുതരത്തിനും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ഉന്നയിച്ച കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരും. ഒരു ഏജൻസി അന്വേഷണം നടക്കന്നതിനാൽ അതെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

അഴിമതി ആരോപണങ്ങൾക്ക് മറുപടി : 

മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകരങ്ങൾ കിട്ടിയിട്ടുണ്ട്. കേരള നിയമ സഭ പ്രവര്ത്തനങ്ങൾ ചേർത്തു 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി വൻ നേട്ടമാണ് ഇക്കാലളവിൽ ഉണ്ടായിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാൻ ആണ് കടലാസ് രഹിത സഭ എന്ന ആശയം കൊണ്ട് വന്നത്. ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇ വിധാൻ സഭ എന്ന ആശയം കൊണ്ടുവന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു. 

ഇ വിധാൻ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതിൽ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. 30% തുക മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ സമിതികൾ ആലോചിച്ചു ആണ് തീരുമാനിച്ചത്. കടലാസ് രഹിത സഭ പദ്ധതിയായ ഇ വിധാൻ സഭ നടപ്പാകും വഴി പ്രതി വര്‍ഷം 40 കോടി ലാഭം ഉണ്ടാകും. 

ശങ്കര നാരായണൻ തമ്പി ഹാൾ പുതുക്കിപണിതത് ലോക കേരള സഭയുടെ അന്തസ്സ് ഉറപ്പാക്കാൻ വേണ്ടിയാണ്. അത് സഭക്ക് പുറത്തുള്ള പരിപാടിക്കും ഉപയോഗിക്കാം. ഹാൾ പുതുക്കി പണിതത് നന്നായി എന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ പറഞ്ഞു. ഇപ്പോൾ അതും ധൂര്‍ത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്,

ഒന്നാം ലോക കേരള സഭ കസേരകൾ വാങ്ങുകമാത്രമാണ് മാത്രം നിയമ സഭ സെക്രട്ടറിയേറ്റ് ചെയ്തത് . ബാക്കിയെല്ലാം നോക്കയാണ് സംഘടിപ്പിച്ചത്. 16 കോടി 65 ലക്ഷം രൂപക്കായിരുന്നു ഭരണാനുമതി. ഭരണാനുമതി എന്നാൽ അത്രയും തുക ചെലവാക്കുക എന്നതല്ല, പണി തീർന്നപ്പോൾ ചെലവ് 9.17 കോടി. ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്ക് ചരിത്രമുണ്ട്. അത് ആദരവോടെയാണ് കാണുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ സത്യസന്ധമായി പണികൾ ചെയ്ത് തീര്‍ക്കുന്ന സ്ഥാപനമാണത്.  പണം അധികമായി കിട്ടിയാൽ തിരിച്ചു അടക്കുന്ന ലോകത്തെ ആദ്യ സ്ഥാപനം ആയിരിക്കും ഊരാളുങ്കലെന്നും സ്പീക്കര്‍ പറഞ്ഞു. ഒന്നും കാണാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കുന്ന അവരുടെ ചരിത്രം കൂടി പരിശോധിച്ചാണ് പണി ഏൽപ്പിച്ചതെന്നും സ്പീക്കര്‍ വിശദീകരിച്ചു. 

മാതൃകാപരമായ സംരംഭമാണ് സഭാ ടിവി. ജനങ്ങളും സഭയുമായി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയതാണത്.  ധൂർത്തു ലക്ഷ്യം എങ്കിൽ സ്വന്തമായി ടീവി ചാനൽ തുടങ്ങാമായിരുന്നു.അതിൽ സ്ഥിരം നിയമനം ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു. വസ്തുതയില്ലാത്ത വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ല. താൽകാലികമായ സമിതിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. നിയമ സഭ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാൻ വേണമെങ്കിൽ പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു കാര്യവും ആരുടെ മുന്നിലും ഒളിച്ച് വക്കാൻ നിമയസഭാ സെക്രട്ടേറിയറ്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.