കാസർകോട്: സ്പീക്കര്‍ ബി ശ്രീരാമകൃഷ്ണന്‍ തിരിതെളിച്ചതോടെ അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് കോടിയേറി. ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്ക് കാസർകോട് സാക്ഷ്യം വഹിക്കും. സ്പീക്കറുടെ കവിതയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മതസൗഹാര്‍ദ്ദ ഗാനവും കലോത്സവ വേദിക്ക് കൂടുതൽ മാറ്റേകി.

'മതിലുകളെല്ലാം ഇടിഞ്ഞു..'എന്ന് തുടങ്ങുന്ന ഒഎൻവിയുടെ കവിതയാണ് സ്പീക്കർ ചൊല്ലിയത്. സ്പീക്കറുടെ കവിതയെ ഇരുകയ്യും നീട്ടി കാണികൾ സ്വാ​ഗതം ചെയ്തു. ജാതി മത വേർതിരിവുകൾ തകർക്കാൻ കലാമേളയ്ക്ക് കഴിയട്ടെയെന്ന് പി. ശ്രീരാമകൃഷ്ണൻ ആശംസിച്ചു. എന്നാൽ മതസൗഹാര്‍ദ്ദ ഗാനവുമായാണ് കലോത്സവ വേദിയെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകമ്പടം കൊള്ളിച്ചത്. 'കുറി വരച്ചാലും.. കുരിശു വരച്ചാലും.. കുമ്പിട്ട് നിസ്കരിച്ചാലും..' എന്ന് തുടങ്ങുന്ന ​ഗാനമാണ് മന്ത്രി ആലപിച്ചത്.

"

നടൻ ജയസൂര്യ ചടങ്ങിൽ വിശിഷ്ടാതിഥിയായി. മത്സരബുദ്ധിക്ക് അതീതമായി കലകളെ സ്നേഹിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ജയസൂര്യ പറഞ്ഞു. കല കൊണ്ട് ജീവിക്കണമെങ്കില്‍ നമ്മള്‍ നമ്മളോട് തന്നെ മത്സരിക്കണ. നമ്മള്‍ നമ്മളെ കണ്ടെത്താനായാണ് മത്സരിക്കേണ്ടതെന്നും ജയസൂര്യ പറഞ്ഞു.

"

അറുപത് അധ്യാപകർ ചേർന്ന് ആലപിച്ച സ്വാഗത ഗാനം ചടങ്ങിനെ കൂടുതൽ മനോഹരമാക്കുകയുണ്ടായി. ഇരുപത്തി എട്ട് വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്. ഇരുപത്തി എട്ട് വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്.

"