ഞാനല്ലെങ്കിൽ പിന്നെ ആര് ജയിക്കണം?, സ്പീക്ക‍‍റുടെ 'തോൽക്കും' പരാമര്‍ശത്തിൽ തിരിച്ചടിച്ച് ഷാഫി പറമ്പിൽ

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ആര്‍ജവമില്ലാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണമെന്ന് ഷാഫി പറമ്പിൽ 

Speaker says Shafi Parambil will fail in next election and he replies jrj

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്ക‍ര്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി ഷാഫ് പറമ്പിൽ എംഎൽഎ. ഷാഫി പറന്പിൽ അടുത്ത തവണ പാലക്കാട് തോൽക്കുമെന്നാണ് സ്പീക്കര്‍ എ എൻ ഷംസീര്‍ നൽകിയ മുന്നറിയിപ്പ്. എന്നാൽ താൻ തോറ്റാൽ പകരം പാലക്കാട് ആര് ജയിക്കണമെന്ന് സ്പീക്കര്‍ പറയണമെന്ന് ഷാഫി പറമ്പിൽ തിരിച്ചടിച്ചു. പ്രതിപക്ഷാംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും സ്പീക്കര്‍ സഭയിൽ പറഞ്ഞിരുന്നു. സഭ വിട്ടിറങ്ങിയാണ് ഷാഫി പറമ്പിൽ മാധ്യമങ്ങൾക്ക് മുന്നിൽ സ്പീക്കര്‍ക്ക് മറുപടി നൽകിയത്. 

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ആര്‍ജവമില്ലാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം. ഒരു സഭയുടെ ചെയറിലിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവകാശങ്ങളുൾപ്പെടെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാള് പിണറായി വിജയന്റെ കണ്ണുരുട്ടലുകളെ ഭയന്ന് അദ്ദേഹത്തിന്റെ തിട്ടൂരത്തിന്റെ മുന്നിൽ പദവിയുടെ ഉത്തരവാദിത്തങ്ങൾ മറന്നാൽ പരാജയമാണ് സ്പീക്കറെന്നത് അദ്ദേഹം ആത്മപരിശോധന നടത്തണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.  

ഷാഫി പറമ്പിലിന്റെ മറുപടി ഇങ്ങനെ

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് അടിയന്തരപ്രമേയാനുമതി അടക്കം നിഷേധിക്കുന്ന സമീപനമാണ് സ്പീക്കര്‍ ആദ്യം മാറ്റേണ്ടത്. സ്പീക്കര്‍ അദ്ദേ​ഹത്തിന്റെ ജോലി ഭംഗി ആയിട്ട് ചെയ്യണം. എന്നെ ജയിപ്പിക്കണോ തോൽപ്പിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അത് അവരുടെ തീരുമാനത്തിന് വിടണം. ഞാൻ തോറ്റിട്ട് അവിടെ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി അദ്ദേഹം പറയണം. എന്നോട് മാത്രമല്ല, ബാക്കി ആളുകളോടും മാര്‍ജിനെ പറ്റി പറഞ്ഞിരുന്നു.

ശ്വസിക്കാൻ വായുവില്ലാതെ പ്രയാസപ്പെടുന്ന ജനങ്ങളുടെ അവസ്ഥയാണ് ഞങ്ങൾ സഭയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ആ പ്രശ്നം ഉന്നയിച്ച് സമരം ചെയ്ത കൗൺസിലറിലൊരാൾക്ക് 19 സ്റ്റിച്ചാണ്. വേറെ ഒരാളുടെ കാലിന്റെ ആങ്കിള് പൊട്ടി സ്റ്റീലിടേണ്ട സര്‍ജറി നടത്തണം എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. അത്ര ഗുരുതരമായ പ്രശ്നം സഭയിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിനെ അനുവദിക്കാതിരിക്കുക, എന്നിട്ട് പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ച് അപ്പുറത്ത് മറ്റ് കാര്യങ്ങൾ ചെയ്യുക.

ഞങ്ങൾ പാലിച്ച ഡെക്കോറം ഉണ്ട്. ഞങ്ങൾ മുദ്രാവാക്യം വിളിച്ചു, പാരലലായി സഭ നടത്തി. സഭയ്ക്കകത്ത് പറയാനുള്ളത് പറഞ്ഞു. അപ്പോഴും ഞങ്ങളോട് തോൽക്കും എന്ന് പറയുന്ന സ്പീക്കര്‍ ഓര്‍ക്കണം, എന്നോട് പാസ്സിംഗ് കമന്റ് ചെയ്യുമ്പോഴും അപ്പുറത്ത് സംസാരിച്ചുകൊണ്ടിരുന്നത് ശിവൻ കുട്ടിയായിരുന്നു. അവര്‍ സഭയ്ക്കകത്ത് കാണിച്ച മാതൃകയൊന്നും ഞങ്ങൾ സഭയിൽ കാണിച്ചിട്ടില്ല. കസേര തല്ലിപ്പൊളിച്ചിട്ടില്ല, കമ്പ്യൂട്ടര്‍ താഴെയെറിഞ്ഞിട്ടില്ല.

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ആര്‍ജവമില്ലാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം. ഒരു സഭയുടെ ചെയറിലിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവകാശങ്ങളുൾപ്പെടെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാള് പിണറായി വിജയന്റെ കണ്ണുരുട്ടലുകളെ ഭയന്ന് അദ്ദേഹത്തിന്റെ തിട്ടൂരത്തിന്റെ മുന്നിൽ പദവിയുടെ ഉത്തരവാദിത്തങ്ങൾ മറന്നാൽ പരാജയമാണ് സ്പീക്കറെന്നത് അദ്ദേഹം ആത്മപരിശോധന നടത്തണം. 

Read More : 'അടുത്ത തവണ തോൽക്കും', ഷാഫി പറമ്പിലിനോട് സ്പീക്കർ; ബ്രഹ്മപുരത്തിലെ' തീ' അണഞ്ഞില്ല,സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Latest Videos
Follow Us:
Download App:
  • android
  • ios