തിരുവനന്തപുരം: സംസ്ഥാനത്തെ തലവൻ മുഖ്യമന്ത്രി തന്നെയെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്‍തതിനെതിരെ ഗവര്‍ണര്‍ നിരന്തരം വിമര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ പ്രതികരണം. ജനാധിപത്യ സംവിധാനത്തിൽ ജന നേതാവിനാണ് പ്രാധാന്യം. 
നയപ്രഖ്യാപനമെന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. ആ നയം ഗവർണർ സഭയിൽ അവതരിപ്പിക്കും. അതിൽ തർക്ക വിഷയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്‍പീക്കര്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടൽ ആവശ്യമുള്ള സംഭവങ്ങൾ ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിൽ പറയുന്നത്. അതിൽ തന്നെ സമ്മതം ചോദിക്കേണ്ട കാര്യവുമില്ല. ഇപ്പോൾ നടക്കുന്നത് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ലെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

എന്നാല്‍ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്, ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ നടപടി ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നുമാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്.  ഗവർണർ വിശദീകരണം തേടിയാൽ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് മറുപടി നൽകുമെന്നും നിയമന്ത്രി പറഞ്ഞു.  കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനുണ്ട്. അത് ചെയ്യുക മാത്രമാണ് ചെയ്‍തത്. അതല്ലാതെ അല്ലാതെ ഗവർണരുടെ അധികാരത്തിൽ കൈകടത്താനോ ഇല്ലാതാക്കാനോ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.