തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ആരോപിച്ച് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ വൈരം മൂത്ത് തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിഹത്യയാണെന്ന് സ്പീക്കര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന  രാഷ്ട്രീയ കൗശലമാണിത്. തനിക്കെതിരെയുള്ള നീക്കം  മര്യാദയില്ലായ്മയുടെ ഉദാഹരണമാണ്. വ്യക്തഹത്യ നടത്തി ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം.

ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അപാകത കാണുന്നവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്. . കഴിഞ്ഞനാല് വര്‍ഷങ്ങള്‍ക്കിടയില്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയെന്നും സ്പീക്കർ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.