തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായ അവസ്ഥയിലാണ്. തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് പാതകളിലൂടെയുള്ള  തീവണ്ടി ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. 

മലബാര്‍ മേഖലയില്‍ പല റെയില്‍വേ പാലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഫറൂഖിലും മറ്റു പാലത്തിന്‍റെ ഡെയ്‍ഞ്ചര്‍ സോണും കഴിഞ്ഞു ചാലിയാര്‍ ഒഴുകിയതോടെ ഇനി ജലനിരപ്പ് താഴ്ന്ന് പ്രത്യേക സുരക്ഷാ പരിശോധനയും കഴിഞ്ഞു മാത്രമേ തീവണ്ടികള്‍ കടത്തി വിടാന്‍ സാധിക്കൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇരുപത് ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. 

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടുന്നുണ്ട്.  ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്നും ഒരു സ്പെഷ്യല്‍ എക്സപ്രസ് തൃശ്ശൂര്‍ വരെ ഓടും. ഇന്ന് 12.45 ന്  മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്കും ഒരു  സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

നിലവില്‍ തിരുവനന്തപുരത്ത് നിന്നും  കോട്ടയം വഴി തൃശ്ശൂര്‍ വരെ തീവണ്ടികള്‍ ഹ്രസ്വദൂര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.  തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന അന്തര്‍സംസ്ഥാന തീവണ്ടികള്‍ പലതും തിരുനല്‍വേലി വഴി സര്‍വ്വീസ് നടത്തുകയാണ്. 

സംസ്ഥാനതലത്തില്‍ തന്നെ തടസ്സപ്പെട്ട റെയില്‍വേ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-പട്ടാമ്പി പാതകളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും കോട്ടയം തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെടും. 11.15ന് പുറപ്പടേണ്ട ദില്ലി കേരള എക്സപ്രസ് ഉച്ചയ്ക്ക് ഒരു മണിക്ക് നാഗര്‍കോവില്‍-മധുര വഴി തിരിച്ചു വിടും. 

കായംകുളം - ആലപ്പുഴ- എറണാകുളം വഴി വെള്ളിയാഴ്ച നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം-എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കോട്ടയം/ആലപ്പുഴ വഴി ഹ്രസ്വദൂര സര്‍വ്വീസുകള്‍ റെയില്‍വേ നടത്തുന്നുണ്ട്. 

ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

പ്രളയം മൂല്യം റദ്ദാക്കിയ തീവണ്ടികളില്‍ യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും.  ഒക്ടോബര്‍ 15 വരെ ഇതിനുള്ള സൗകര്യമുണ്ടാവും.  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍. ഓണ്‍ലൈന്‍ ആയി തന്നെ ടിഡിആര്‍ കൊടുക്കണം.