തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സർക്കാർ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്ച തുടങ്ങും. വ്യാഴാഴ്ച (ഏപ്രിൽ ഒമ്പത്) മുതൽ 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങുമെന്ന് ഭക്ഷ്യ - പൊതുവിതരണ മന്ത്രി പി തിലോത്തമൻ അറിയിച്ചു. 

പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കൊവിഡ് കാലത്തെ നേരിടാൻ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. എ എ വൈ വിഭാഗത്തിലെ ട്രൈബൽ വിഭാഗത്തിനാണ് വ്യാഴാഴ്ച വിതരണം നടക്കുക. അതിന് ശേഷം മുഴുവൻ മറ്റുള്ള എ എ വൈ വിഭാഗത്തിന് വിതരണം നടക്കും. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. 

Also Read: സൗജന്യ ഭക്ഷ്യകിറ്റ് വേണ്ടേ? മറ്റുള്ളവർക്ക് നൽകാം, ചെയ്യേണ്ടത് ഇങ്ങനെ

കിറ്റ് വിതരണത്തിന്റെ ഭാ​ഗമായി വ്യാഴാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. മുഴുവൻ എ എ വൈ കിറ്റുകളും ( 5.95 ലക്ഷം) കിറ്റ് വിതരണം ചെയ്തതിന് ശേഷം മുൻഗണന (പിങ്ക് കാർഡ്) കുടുംബങ്ങൾക്ക് (31 ലക്ഷം) കിറ്റ് വിതരണം ചെയ്യും. പിന്നീട് നീല വെള്ള കാർഡുകൾക്ക് വിതരണം നടക്കും.