Asianet News MalayalamAsianet News Malayalam

മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യസഹായ സൗകര്യം, ആക്ഷന്‍ പ്ലാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്

വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയിൽ വിന്യസിക്കും. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും

special health treatment action plan for sabarimala pilgrimage
Author
Thiruvananthapuram, First Published Oct 30, 2021, 7:49 PM IST

തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ (sabarimala) വിപുലമായ വൈദ്യ സഹായ (treatment ) സൗകര്യങ്ങൾ ഏർപ്പെടുത്തും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ (doctor) ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയിൽ വിന്യസിക്കും. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍,  എരുമേലി എന്നിവിടങ്ങളിൽ ഡിസ്‌പെന്‍സറികൾ പ്രവര്‍ത്തിക്കും. സന്നിധാനത്ത്  ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും.

സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാൻ തയാറായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കൊവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി കണക്കിലെടുത്താണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കൊവിഡ് വന്ന് 3 മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണം.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായാണ് സ്ഥാപിക്കുക. 

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.

തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്.

Follow Us:
Download App:
  • android
  • ios