തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലൻസ് കോടതിയിലാണ് വാജിവാഹനം നൽകിയിരിക്കുന്നത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്. നിര്‍ണായകമായ ഒരു നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്‍കാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് ഇന്ന് കോടതി അനുമതി നല്‍കി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിട്ടുണ്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസ്സറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റിയിട്ടുണ്ട്. മുൻ ദേവസ്വം പ്രസിഡൻറ് എ.പത്മകുമാറിൻെറ റിമാൻഡ് കാലാവധിയും നീട്ടി. ഈ മാസം 27വരെയാണ് റിമാന്‍ഡ് നീട്ടിയത്.

YouTube video player