Asianet News MalayalamAsianet News Malayalam

ഡെങ്കിപ്പനി വ്യാപനം പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലേക്ക്: ആകെ കേസുകളിൽ 80 ശതമാനവും ഒൻപത് സംസ്ഥാനങ്ങളിൽ

കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുക. 

Special team from center arriving kerala to study about Dengue fever
Author
Thiruvananthapuram, First Published Nov 3, 2021, 12:03 PM IST

ദില്ലി: ഡെങ്കിപ്പനി (Dengue Fever) കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം (union health ministry) പറയുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. 

കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുക. ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് നിലവിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ഡെങ്കിപ്പനി സാഹചര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.

ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി (Dengue) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു സാഡിൽ ബാഗ് സിൻഡ്രോം എന്നും പേരുണ്ട്

Follow Us:
Download App:
  • android
  • ios