ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യയിൽ ഐ ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യം വ്യക്തമാക്കി ഡിജിപി ഉത്തരവിറക്കി. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും മാറ്റണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നും ലോക്കൽ പൊലീസ് അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും വ്യക്തമാക്കി കുടുംബം രംഗത്തെത്തിയിരുന്നു. 

മഹേശൻ്റെ ആത്മഹത്യ: അന്വേഷണസംഘത്തിന് മേൽ സമ്മർദ്ദമെന്ന് ആരോപണം

മഹേശന്‍റേതായി പുറത്ത് വന്ന കത്തിലെ ആരോപണങ്ങൾ എല്ലാം ശരിയാണെന്നും എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശശനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. വെളളാപ്പള്ളി നടേശനെയും സഹായി കെഎൽ അശോകനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് കേസ് അന്വേഷണം നിലച്ചമട്ടായിരുന്നു. മൊഴികളും രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന വിശദീകരണം മാത്രമാണ് പൊലീസ് ഒടുവിൽ നൽകിയത്. മഹേശന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളിലാകും പ്രത്യേക സംഘവും അന്വേഷണം നടത്തുക. 

കെ കെ മഹേശന്റെ ആത്മഹത്യ; അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന് മാരാരിക്കുളം പൊലീസ്