Asianet News MalayalamAsianet News Malayalam

അന്ന് 26000, ഇന്ന് 8800: വെട്ടിക്കുറച്ച ശമ്പളത്തിനായി സ്പെഷ്യലിസ്റ്റ് അധ്യാപകർ; പിടിവാശി നിർത്തണമെന്ന് മന്ത്രി

സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 26000 രൂപയോളമായിരുന്നു കിട്ടിയിരുന്നത്. ആദ്യം കേന്ദ്രവിഹിതം വെട്ടിക്കുറച്ചോടെ ശമ്പളം 14,000 രൂപയായി. പിന്നെ സംസ്ഥാന വിഹിതമായ 4000 രൂപയും നിലച്ചു

Specialist teachers continue protest demanding pay revision
Author
First Published Jan 30, 2023, 12:36 PM IST

തിരുവനന്തപുരം: വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 2000 രൂപ മാത്രമേ കൂട്ടി നൽകാനാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി. മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് അധ്യാപകരുടെ നിലപാട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷാ അഭിയാൻ കേന്ദ്രത്തിന് മുന്നിൽ സമരം തുടരുകയാണ് അധ്യാപകർ.

സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 26000 രൂപയോളമായിരുന്നു കിട്ടിയിരുന്നത്. ആദ്യം കേന്ദ്രവിഹിതം വെട്ടിക്കുറച്ചോടെ ശമ്പളം 14,000 രൂപയായി. പിന്നെ സംസ്ഥാന വിഹിതമായ 4000 രൂപയും നിലച്ചു. ഇതോടെ 10,000 രൂപയായി. ഇതിൽ നിന്ന് പിഎഫ് വിഹിതം കുറച്ച് കഴിഞ്ഞ് അധ്യാപകർക്ക് മാസ ചെലവിനും ജീവിക്കാനുമായി കിട്ടുന്നത് വെറും 8800 രൂപ മാത്രം. ശമ്പളം പൂർണമായും പുനസ്ഥാപിക്കും വരെ സമരമെന്ന നിലപാടിൽ മുന്നോട്ട് പോവുകയാണ് അധ്യാപകർ.

തലസ്ഥാനത്ത് സമഗ്രശിക്ഷാ അഭിയാൻ കേന്ദ്രത്തിന് മുന്നിൽ പതിമൂന്ന് ദിവസമായി സമരത്തിലാണ് സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകർ. അനിശ്ചിതകാല സമരമാണ്. റോഡരികിൽ കഞ്ഞിവച്ച് കുടിച്ച്, ഇവിടെ തന്നെ ചാക്കുവിരിച്ച് കിടന്നുറങ്ങിയാണ് സമരം. വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്നും മാന്യമായി ജീവിക്കാനാകണമെന്നുമാണ് ഇവരുടെ ആവശ്യം.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തങ്ങളുടെ വിഹിതം വെട്ടിക്കുറച്ചതോടെ ആറ് വർഷം മുമ്പ് കിട്ടിയിരുന്ന ശമ്പളത്തിന്റെ മൂന്നിൽ ഒന്ന് പോലും ഇപ്പോൾ അധ്യാപകർക്ക് കിട്ടുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെ സമരം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് തവണ ചർച്ച നടത്തിയിട്ടും പരിഹാരമായില്ല. 2000 രൂപ കൂട്ടി നൽകാമെന്നാണ് മന്ത്രി അധ്യാപകരോട് പറഞ്ഞത്. പിടിവാശി അവസാനിപ്പിച്ച് സമരം നിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ശമ്പളം പൂർണമായി പുനസ്ഥാപിക്കണമെന്ന നിലപാടിൽ നിന്ന് അധ്യാപകർ പിന്നോട്ടില്ല.

Follow Us:
Download App:
  • android
  • ios