ദുബൈ - കൊച്ചി സ്പൈസ് ജെറ്റ് വിമാനം 12 മണിക്കൂറിലേറെ വൈകിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കിയത് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.

കൊച്ചി: യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റിന്‍റെ ദുബൈ - കൊച്ചി വിമാനം 12 മണിക്കൂറിലേറെയായി വൈകുന്നു. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ ഇരിക്കേണ്ടി വന്ന യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈകാതെ വിമാനം കൊച്ചിയിൽ എത്തുമെന്നാണ് അറിയിപ്പ്. വിമാനം എന്തുകൊണ്ട് വൈകുന്നു എന്നത് സംബന്ധിച്ച വ്യക്തത സ്പൈസ് ജെറ്റ് ഇതുവരെ നൽകിയിട്ടില്ല.

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കി. അർദ്ധരാത്രി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ കുടുങ്ങി. യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ രണ്ട് മണിയോടെ പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് വന്നു. എന്നാൽ പിന്നീട് രാത്രി 11 മണിയോടെ വിമാനം റദ്ദാക്കുകയാണെന്ന അറിയിപ്പ് വന്നു. അപ്പോഴേക്കും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതോടെ യാത്രക്കാർ പ്രകോപിതരായി. ഏറെ നേരം ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. പൂനെയിൽ നിന്ന് ദുബൈയിലേക്കുളള വിമാനവും വൈകുകയാണ്.