Asianet News MalayalamAsianet News Malayalam

'തൊണ്ടിമുതലും സാനിറ്റൈസറും'; പിടിച്ചടുത്ത സ്പിരിറ്റ് ഉപയോഗപ്പെടുത്തി നിര്‍മാണം

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് വേണ്ടി കുറഞ്ഞ ചെലവില്‍ എങ്ങനെ സാനിറ്റൈസര്‍ നിര്‍മ്മിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആ ആശയമുദിച്ചത്. വൈകിയില്ല, സ്പിരിറ്റ് കിട്ടുമോയെന്ന് അന്വേഷിച്ച് എക്‌സൈസ് വകുപ്പിന് കത്ത് നല്‍കി.
 

spirit captured by excise department used for make sanitizer
Author
Thrissur, First Published Mar 22, 2020, 8:54 AM IST

തൃശൂര്‍: എക്‌സൈസ് വകുപ്പ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ തൃശ്ശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് വേണ്ടി കുറഞ്ഞ ചെലവില്‍ എങ്ങനെ സാനിറ്റൈസര്‍ നിര്‍മ്മിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആ ആശയമുദിച്ചത്.

വൈകിയില്ല, സ്പിരിറ്റ് കിട്ടുമോയെന്ന് അന്വേഷിച്ച് എക്‌സൈസ് വകുപ്പിന് കത്ത് നല്‍കി. പല കേസുകളിലായി പിടികൂടിയ സ്പിരിറ്റില്‍ നിന്ന് 75 ലിറ്റര്‍ എക്‌സൈസ് വകുപ്പ് നല്‍കിയതോടെ നിര്‍മ്മാണം തുടങ്ങി. സ്പിരിറ്റിനൊപ്പം വെള്ളവും സുഗന്ധദ്രവ്യവുമുപയോഗിച്ചാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്.

നാല്‍പ്പതോളം അന്തേവാസികളാണ് നിര്‍മ്മാണം നടത്തുന്നത്. ആരോഗ്യ വകുപ്പ് വഴിയാണ് വിതരണം. നേരത്തെ, കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കുറഞ്ഞ വിലയില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ നടപടിയുമായി കേരള സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്(കെഎസ്ഡിപി) ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

മുമ്പ് സാനിറ്റൈസര്‍ കെഎസ്ഡിപി ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിപണിയിലെ സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് കെഎസ്ഡിപി സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. പത്തുദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios