പിടികൂടി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാത്തത് സ്പിരിറ്റ് മാഫിയയുടെ ഉദ്യോഗസ്ഥ ബന്ധം മൂലമാണെന്ന് ‍ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 

വയനാട്: സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ലൈസന്‍സിന്‍റെ മറവില്‍ വയനാട് മുത്തങ്ങയിലൂടെ മുപ്പതിലധികം തവണ സ്പിരിറ്റ് കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വാഹന ഡ്രൈവര്‍. രണ്ടുമാസം മുമ്പ് 11000 ലിറ്റര്‍ സ്പിരിറ്റുമായി പിടിയിലായ വാഹനത്തിന്‍റെ ഡ്രൈവര്‍ ഇബ്രാഹിമിന്‍റേതാണ് വെളിപ്പെടുത്തല്‍. പിടികൂടി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാത്തത് സ്പിരിറ്റ് മാഫിയയുടെ ഉദ്യോഗസ്ഥ ബന്ധം മൂലമാണെന്ന് ‍ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 

അടിയന്തര പ്രാധാന്യമുള്ള സാനിറ്റൈസറെന്ന പേരില്‍ സ്പിരിറ്റ് കടത്തിയ വാഹാനത്തിന്‍റെ ഉടമ കണ്ടോട്ടി സ്വദേശി മുസ്തഫയെ ഗതാഗത വകുപ്പിന്‍റെ വെബ് സൈറ്റില്‍ പോയി ഞങ്ങള്‍ കണ്ടെത്തി. മുസ്തഫയെ നേരില്‍ കണ്ടെത്താനായില്ലെങ്കിലും വണ്ടിയോടിച്ച ഡ്രൈവര്‍ ഇബ്രാഹിമിനെ രഹസ്യസങ്കേതത്തില്‍ വെച്ച് കണ്ടുമുട്ടി. സാനിറ്റൈസറിന്‍റെ മറവില്‍ മുപ്പതിലേറെ തവണ സ്പിരിറ്റ് മുുത്തങ്ങയിലൂടെ കടത്തിയിട്ടുണ്ട് എന്നായിരുന്നു അദ്യവെളിപ്പെടുത്തല്‍. 

പിടികൂടിയ വാഹനം പതിവായി ഓടിക്കുന്നത് താനല്ലെന്നും വാഹനത്തില്‍ സാനിറ്റൈസര്‍ ആണെന്ന് അറിഞ്ഞാണ് കര്‍ണാടകയില്‍ എത്തിയതെന്നും ഇബ്രാഹിം പറഞ്ഞു. കൊണ്ടുപോകേണ്ടത് മദ്യത്തിനുള്ള സ്പിരിറ്റ് ആണെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും ഇബ്രാഹിം പറഞ്ഞു. ഒറ്റിയത് ഇബ്രാഹിമെന്ന വിവരം ഉദ്യോഗസ്ഥര്‍ തന്നെ കടത്തുകരാെ അറിയിച്ചു. ഇതോടെ കൊല്ലുമെന്ന കടത്തുകാരുടെ ഭീക്ഷണിയെ പേടിച്ച് ഇപ്പോള്‍ ഒളിസങ്കേതത്തില്‍ താന്‍ കഴിയുകയാണെന്നാണ് ഇബ്രാഹിമിന്‍റെ മറുപടി. മുപ്പതില്‍ അധികം ഉദ്യോഗസ്ഥരെയാണ് ഇബ്രാഹിം വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. സ്പിരിറ്റ് പിടികൂടി കഴിഞ്ഞ് രണ്ടുമാസത്തിനിടെ 150 ല്‍ ഏറെ തവണ കടത്തുകാര്‍ ഇബ്രാഹിമിനെ വിളിച്ചിരിക്കുന്നു. ഈ തെളിവുകള്‍ ഹാജരാക്കാന്‍ ഇബ്രാഹിം തയ്യാറായിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടിയില്ല.