കൊച്ചി: എറണാകുളത്തെ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തില്‍ വിള്ളലുള്ളതായി സംശയം. രണ്ട് മാസം മുന്‍പ് ഗതാഗതത്തിന് തുറന്നു കൊടുത്ത പാലത്തിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. പാലത്തിന്റെ മുകൾ ഭാഗത്താണ് രാവിലെ വിള്ളൽ കണ്ടത്. പാലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 

പാലത്തിന്‍റെ മധ്യഭാഗത്തായി ഒരു മീറ്റര്‍ നീളത്തിലാണ് രണ്ട് വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ഇക്കാര്യം കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവര്‍ എംഎല്‍എയെ അറിയിക്കുകയും ചെയ്തു.  പാലത്തിന്‍റെ പ്രതലത്തില്‍ മാത്രമാണ് നേരില്‍ വിള്ളല്‍ ഉള്ളതെന്നും ഇത് സാധാരണ ഉണ്ടാകാറുള്ളതാണെന്നും സ്ഥലത്ത് എത്തിയ തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. 

പാലത്തിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഇന്ദു പറഞ്ഞു.വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ വിള്ളലിന്‍റെ ആഴം കൃത്യമായി മനസ്സിലാവൂ. പാലത്തിന്‍റെ അടിഭാഗത്ത് പൊട്ടലോ വിള്ളലോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതലത്തില്‍ മാത്രമാണോ വിള്ളല്‍ എന്ന കാര്യം വിശദമായ പരിശോധനയില്‍ മാത്രമേ വ്യക്തമാവൂ എന്നും എക്സിക്യൂട്ടീവ് എ‍ഞ്ചിനീയര്‍ വ്യക്തമാക്കി.