തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് പിളർപ്പിലേക്ക്. മുൻ സംസ്ഥാന അധ്യക്ഷൻ സികെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗമാണ് നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്. 

നാണു പ്രസിഡണ്ടായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കേന്ദ്ര തീരുമാനം യോഗം അംഗീകരിക്കില്ല. അതേസമയം നാണു നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. മുൻ സെക്രട്ടറി ജനറൽ ജോ‍ർജ്ജ് തോമസിൻ്റെ നേതൃത്വത്തിലാകും യോഗം ചേരുക. നാണുവിനെ മാറ്റി മാത്യു ടി തോമസിനെ പ്രസിഡണ്ടാക്കിയത് അംഗീകരിക്കില്ലെന്നാണ് നാണുവിഭാഗത്തിനറെ നിലപാട്. 

ഇതോടെ സംസ്ഥാനത്ത് ജെഡിഎസിന് രണ്ട് സംസ്ഥാന കമ്മിറ്റികൾ നാളെ മുതൽ നിലവിൽ വരും. തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് പറഞ്ഞ് തൽക്കാലം ഇടതുമുന്നണിയിൽ തുടരാനാണ് നാണുപക്ഷത്തിന്റെ നീക്കം.