തൃശൂര്‍: തൃശൂരിലെ ലാലൂരിൽ മാലിന്യ പ്ലാൻറ് സ്ഥാപിക്കില്ലെന്ന് നാട്ടുകാര്‍ക്ക് മന്ത്രിമാരായ വി എസ് സുനില്‍ കുമാറിന്‍റെയും ഇ പി ജയരാജന്‍റെയും ഉറപ്പ്. ലാലൂരിൽ വരാൻ പോകുന്നത് സ്പോർട്സ് കോംപ്ലക്സാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ജനഹിതത്തിനെതിരായി എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് കായിക മന്ത്രി ഇ പി ജയരാജനും ചോദിച്ചു. ഐഎം വിജയൻറെ പേരിലുളള സ്പോർട്സ് കോംപ്ലക്സിന് കായിക മന്ത്രി തറക്കല്ലിട്ടു.

200 കോടി ചിലവിട്ട് സിംഗപ്പൂർ മാതൃകയിൽ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിന് തൃശൂരില്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം ലാലൂരാണ്. തൃശൂര്‍ നഗരസഭയും ജില്ലാ പഞ്ചായത്തും സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചതോടെയാണ് ഐ എം വിജയന്‍റെ പേരിലുളള ആധുനിക കായിക സമുച്ചയത്തിനായി ഈ സ്ഥലം നീക്കി വച്ചത്. 

എന്നാല്‍ കഴിഞ്ഞ ദിവസം പ്ലാന്‍റ് നിർമ്മാണത്തിനായി ചീഫ് സെക്രട്ടറി സ്ഥലം സന്ദർശിച്ചതോടെയാണ് പ്രദേശവാസികൾ ആശങ്കയിലായത്. പ്രദേശത്ത് ഐ എം വിജയന്‍റെ പേരിലുളള കായിക സമുച്ചയത്തിന് തറക്കല്ലിടുന്ന ചടങ്ങിനിടയിലും നാട്ടുകാര്‍ക്ക് ആശങ്ക വിട്ടൊഴിഞ്ഞില്ല.

14 ഏക്കറിൽ 46.47 കോടി രൂപ ചിലവിട്ടാണ് സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ടർഫ്,ഗ്യാലറി, ഫുട്ബോൾ ഗ്രൗണ്ട്, പവലിയൻ ഇന്‍റോർ സ്റ്റേഡിയം തുടങ്ങിയവയാണ് കോംപ്ലക്സിന്‍റെ ഭാഗമായി നിർമ്മിക്കുക.