തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷിച്ച മാധവൻ നമ്പ്യാർ കമ്മീഷന്റെ കണ്ടെത്തലുകൾ പുതിയ സമിതി പരിശോധിക്കും. പുതിയ കമ്മിറ്റിയെ സർക്കാർ പ്രഖ്യാപിച്ചു. സ്പ്രിംക്ലർ കമ്പനിയെ തെരഞ്ഞെടുത്തതിൽ വീഴ്‌ച സംഭവിച്ചെന്ന മാധവൻ നമ്പ്യാർ കമ്മീഷന്റെ റിപ്പോർട്ടാണ് പരിശോധിക്കുന്നത്. വിരമിച്ച ജില്ലാ ജഡ്‌ജി ശശിധരൻ നായരുടെ നേതൃത്വത്തിലാണ് പുതിയ സമിതി. മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ട് വീണ്ടും പരിശോധിക്കാനാണ് പുതിയ സമിതിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിസഭ തീരുമാനമില്ലാതെയുള്ള സ്പ്രിംക്ലർ കമ്പനിക്ക് കരാർ നൽകിയത് ചട്ടവിരുദ്ധമെന്ന് മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് വീണ്ടും അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്. ആദ്യ സമിതിയുടെ കണ്ടെത്തലുകളെ അട്ടിമറിക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.