തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി മലപ്പുറം എസ്പി. ആഹ്ലാദ പ്രകടനങ്ങളുടെ ഭാഗമായി ക്രമസമാധാന ലംഘനം ഉണ്ടാക്കരുതെന്ന് നിർദേശം
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി മലപ്പുറം എസ്പി. ആഹ്ലാദ പ്രകടനങ്ങളുടെ ഭാഗമായി ക്രമസമാധാന ലംഘനം ഉണ്ടാക്കരുതെന്നും ആഘോഷങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതി ഉറപ്പാക്കണമെന്നുമാണ് നിർദേശം. കൂടാതെ പാർട്ടി/ സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ ഉണ്ടായിരിക്കണം, പ്രകടനങ്ങളിൽ നാസിക്ക് ഡോൾ മറ്റു മാരക ശബ്ദ മലിനീകരണം വരുത്തുന്ന വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്, വിജയാഘോഷ പരിപാടികളുടെ ഭാഗമായി ലോറികളിലും മറ്റും ആളുകളെ അപകടകരമാം വിധം കൊണ്ടുപോകുന്നത് പ്രത്യേകിച്ച് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം, വിജയാഘോഷ പരിപാടികളുടെ ഭാഗമായി പൊതുനിരത്തിൽ ബൈക്കുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തരുത്, അനധികൃതമായി രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നിവയാണ് നിര്‍ദേശങ്ങള്‍.
തദ്ദേശ തെരഞ്ഞെടുപ്പിൽ നാളെയാണ് വോട്ടെണ്ണൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു ദിവസമാണ് നാളെ. ആര് വാഴും ആര് വീഴും എന്നറിയുന്നതിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആദ്യ പത്ത് മിനിറ്റിനുളളിൽ ഫലസൂചനകൾ ലഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും.



