തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിയിൽ അഭിപ്രായ ഭിന്നത രൂക്ഷം. സിബിഐ അന്വേഷണം വേണമെന്ന എംടി രമേശിന്റെ നിലപാട് കാര്യങ്ങൾ മനസിലാക്കാതെയുള്ളതാണെന്ന് കെ സുരേന്ദ്രൻ  പറഞ്ഞു. അതിനിടെ വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് എഎൻ രാധാകൃഷ്ണൻ കേന്ദ്രസർക്കാരിന് കത്തയച്ചു.

കൊവിഡ് ദുരിതാശ്വസ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ശമ്പളം പിടിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ ലംഘിച്ചുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എംടി രമേശിന്റെ വിമർശനം കാര്യങ്ങൾ മനസിലാക്കാതെയുള്ളതാണ്. പ്രാഥമിക ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ നിരാകരിക്കപ്പെടാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നതും സുരേന്ദ്രൻ ഉയർത്തിക്കാട്ടി.

എന്നാൽ കെ സുരേന്ദ്രനെ തള്ളി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ രംഗത്തെത്തി. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണത്തിനു പ്രസക്തിയില്ല. അത് കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കുന്നത് പോലെയാണ്. കെ സുരേന്ദ്രനും ഗവർണറെ കണ്ട് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

കരാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അധ്യക്ഷന്‍റെ നിലപാട് തള്ളി എംടി രമേശാണ് ആദ്യം രംഗത്തെത്തിയത്. കരാറിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന കെ സുരേന്ദ്രന്‍റെ നിലപാടിനെ സിബിഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ഫേസ് ബുക്കിലെഴുതിയാണ് എംടി രമേശ് നേരിടുന്നത്. രാജ്യാന്തര ബന്ധമുള്ള കരാര്‍ വിശദാംശങ്ങൾ അന്വേഷിക്കാൻ സിബിഐ തന്നെ വേണമെന്നാണ് എംടി രമേശ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.