Asianet News MalayalamAsianet News Malayalam

കേരളത്തിലേക്ക് കുതിച്ചെത്താൻ 'സ്പുട്നിക്', വാക്സീൻ നിർമാണത്തിന് ചർച്ച സജീവം

റഷ്യൻ നിർമിത സ്പുട്നിക് വാക്സീൻ നിർമാണത്തിന് കേരളത്തിൽ സ്ഥലവും സൗകര്യവും സംസ്ഥാന സർക്കാർ ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ വ്യവസായ വകുപ്പുമായി ചർച്ച നടത്തി

sputnik v vaccine to be produced in kerala first of its kind discussions on with ksidc
Author
Thiruvananthapuram, First Published Jul 22, 2021, 3:45 PM IST

തിരുവനന്തപുരം: കേരളത്തിൽ സ്പുട്നിക് വാക്സീൻ നിർമാണത്തിന് കളമൊരുങ്ങുന്നു.ഇതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ കേരള സർക്കാരുമായി ആദ്യ ഘട്ട ചർച്ച നടത്തി. വാക്സീൻ നിർമാണം ഇവിടെ തുടങ്ങാനായാൽ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് അതൊരു മുതൽക്കൂട്ടാകുമെന്നുറപ്പ്.

റഷ്യൻ നിർമിത സ്പുട്നിക് വാക്സീൻ നിർമാണത്തിന് കേരളത്തിൽ സ്ഥലവും സൗകര്യവും സംസ്ഥാന സർക്കാർ ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ വ്യവസായ വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്.

സ്ഥലം നൽകാൻ കേരളം സജ്ജമാണ്. തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സീൻ നിർമാണ യൂണിറ്റിനായി പ്രത്യേകമായി സ്ഥലം അനുവദിക്കാനാകും. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകും. വാക്സീൻ നിർമാണത്തിനുള്ള വിദ​ഗ്ധരെ അടക്കം ആദ്യഘട്ടത്തിൽ റഷ്യ തന്നെ നൽകും. വാക്സീൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനായാൽ അത് വലിയ നേട്ടമാകുമെന്നാണ് വിദ​ഗ്ധരുടേയും നിലപാട്.

വ്യവസായ മന്ത്രി പി രാജീവുമായിട്ടായിരുന്നു റഷ്യൻ അധികൃതരുടെ പ്രാഥമികതല ചർച്ച. ശേഷം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടർ പ്രവർത്തനങ്ങൾക്കായി വ്യവസായ വികസന കോർപറേഷൻ എം ഡി രാജമാണിക്യത്തെ ചുമതലപ്പെടുത്തി. എത്ര സ്ഥലം നൽകാനാകും എത്രത്തോളം മാനവ വിഭവശേഷി നൽകാനും തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കിയുള്ള റിപ്പോർട്ട് വ്യവസായ വികസന കോർപറേഷൻ ഉടൻ ലഭ്യമാക്കണമെന്നാണ് സർക്കാർ നിർദേശം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം വ്യവസായ വികസന കോർപറേഷൻ വിശദമായ
പ്ലാൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

കേരളത്തിൽ വാക്സീൻ ഉൽപാദനത്തിനുള്ള സാധ്യതകൾ പഠിക്കാൻ നിലവിൽ ഒരു വർക്കിം​ഗ് ​ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. 
പൊതുജനാരോ​ഗ്യ വിദ​​ഗ്ധൻ ഡോ.ബി.ഇക്ബാൽ,സയൻസ് ആന്റ് ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫസർ കെ പി സുധീർ,ഡോ.ചിത്ര ഐ എ എസ്,വ്യവസായ വികസന കോർപറേഷൻ എം ഡി രാജമാണിക്യം എന്നിവരടങ്ങുന്നതാണ് ഈ വർക്കിം​ഗ് ​ഗ്രൂപ്പ്. ഈ വർക്കിം​ഗ് ​ഗ്രൂപ്പ് ഇതിനോടകം ഒരു റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. തോന്നയ്ക്കൽ‌ ലൈഫ് സയൻസ് പാർക്കിൽ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്വന്തം മറ്റ് കമ്പനികളുമായി ചേർന്ന് അവരുടെ പ്ലാന്റ് കേരളത്തിൽ തുടങ്ങുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ചുരുക്കത്തിൽ കേരളം സജ്ജമെങ്കിൽ, കമ്പനി ആവശ്യപ്പെടുന്ന സ്ഥലവും സൗകര്യവും നൽകാനായാൽ കേരളത്തിലും സ്പുട്നിക് വാക്സീൻ നിർമാണ യൂണിറ്റ് നിലവിൽ വരും. അങ്ങനെയെങ്കിൽ കേരളത്തിൽ തുടങ്ങുന്ന ആദ്യ വാക്സീൻ നിർമാണ യൂണിറ്റും ഇതാകും. ഇന്ത്യയിൽ ഒരിടത്തും നിലവിൽ റഷ്യൻ വാക്സീൻ നിർമാണ യൂണിറ്റുകൾ ഇല്ല. കേരളത്തിൽ തുടങ്ങാനായാൽ രാജ്യത്തെ തന്നെ ആദ്യ സംരംഭമാകും ഇത്.

കേരളത്തിൽ 1145 രൂപാ നിരക്കിൽ സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക് വാക്സീൻ ലഭ്യമാകുന്നുണ്ട്. നിലവിൽ വാക്സീന് ക്ഷാമം നേരിടുന്ന കേരളത്തിൽ വാക്സീൻ നിർമാണം തുടങ്ങാനായാൽ നിരക്ക് ഏകീകരിച്ചുകൊണ്ട് കൂടുതൽ വാക്സീൻ ലഭ്യമാക്കാനുമാകും

Follow Us:
Download App:
  • android
  • ios