മുൻകൂർ ജാമ്യ ഹർജികൾ  ബുധനാഴ്ച വീണ്ടും പരിഗണിക്കും. നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസിൽ പ്രതിയായ ആർ ബി ശ്രീകുമാർ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. 

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് ഹൈക്കോടതി നിർദ്ദേശിച്ചു.

മുൻകൂർ ജാമ്യ ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും. നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസിൽ പ്രതിയായ ആർ ബി ശ്രീകുമാർ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്ന് സിബിഐ വാദിച്ചു. ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. 

ഒന്നാം പ്രതി എസ്.വിജയന്‍, രണ്ടാം പ്രതി തമ്പി എസ്.ദുര്‍ഗാദത്ത്, ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാര്‍, പതിനൊന്നാം പ്രതി പിഎസ് ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നും സിബിഐ അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍ രാജ്യാത്തിന്‍റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന് പിന്നിലെന്നാണ് സിബിഐ വാദം. പ്രതികള്‍ക്ക് ഇതിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്‍ അടക്കമുള്ളവരുടെ മൊഴികളും സിബിഐ കോടതിയില്‍ നല്‍കിയിട്ടുണ്ട്. തുമ്പ വി എസ് സി യിൽ ബന്ധുവിനു ജോലി നല്കാത്തതിൽ ആർ ബി ശ്രീകുമാറിന് വ്യക്തി വിരോധം ഉണ്ടായിരുന്നു എന്നാണ് നമ്പി നാരായണൻ സി ബി ഐ യ്ക്ക് നൽകിയ മൊഴി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona