കാലം എല്ലാവരോടും കണക്ക് ചോദിക്കും. കാലത്തിൻ്റെ കൈയിൽ നിന്നും തിരിച്ചടി കിട്ടാത്ത ഒരാൾ പോലും ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരിൽ ഇല്ല

മലപ്പുറം: ശബരിമലയിൽ ആചാര ലംഘനത്തിന് (Sabarimala Young Women Entry) കൂട്ട് നിന്നവരിൽ കാലത്തിൻ്റെ തിരിച്ചടി കിട്ടാത്തവർ ആരുമില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള (Goa Governor PS Sreedharan Pillai). വിഷയത്തിൽ ഇടപ്പെട്ട ഡൽഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാൾ പയ്യന്നൂരിൽ വന്ന് പാപപരിഹാര കർമ്മം നടത്തി. ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ക്രിമിനലിനോടൊപ്പം വാളുമായി നിൽക്കുന്നത് കാണേണ്ടി വന്നതായും പി.എസ് ശ്രീധരൻപിള്ള മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീധരൻപ്പിള്ളയുടെ വാക്കുകൾ - 

ഭഗവാൻ എല്ലാവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന കലിയുഗവരദനാണ്. എന്നാൽ കാലം എല്ലാവരോടും കണക്ക് ചോദിക്കും. കാലത്തിൻ്റെ കൈയിൽ നിന്നും തിരിച്ചടി കിട്ടാത്ത ഒരാൾ പോലും ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരിൽ ഇല്ല. ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നിയമരംഗത്തെ ഒരു ഉന്നതൻ പയ്യന്നൂരിൽ വന്ന് പാപപരിഹാരത്തിനായി കർമ്മങ്ങൾ ചെയ്ത് തൊട്ടപ്പുറത്തുള്ള തളിപ്പറമ്പ് ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തിയത് എനിക്കറിയാം. ഇതു കൂടാതെ മറ്റുള്ള മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ... എന്തിനധികം പറയുന്നു, ഏറ്റവും ഗ്ലാമറുള്ള പൊലീസ് ഉദ്യോഗസ്ഥൻ. പേരു പറയുന്നില്ല. ഇപ്പോൾ ഏറ്റവും വലിയ ക്രിമിനലായ ഒരുത്തൻ്റെ കൂടെ വാളും പിടിച്ചു നിൽക്കുന്ന ഫോട്ടോ വന്നപ്പോൾ ക്ലൈമാക്സിൽ നിന്നും ആൻ്റി ക്ലൈമാക്സിലേക്ക് കാര്യങ്ങൾ വന്നിരിക്കുന്നു. ഇതാണ് ശബരിമലയുടെ കാര്യം ഒരോരുത്തരുടെ കാര്യവും എടുത്തു നോക്കിക്കോള്ളൂ എല്ലാവരും മറുപടി പറയേണ്ടി വന്നിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനികളായ അഞ്ച് പേരുടെ കാര്യം മാത്രമാണ് ഞാൻ വ്യക്തമായി അന്വേഷിച്ചറിഞ്ഞ് ഇവിടെ പറയുന്നത്.