കൊച്ചി: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബി ജെ പി ഉദ്ദേശിക്കുന്നില്ല. ഇന്ത്യയെ വിഭജിക്കണമെന്ന നിലപാടാണ് സി പി എം പണ്ടും ശ്രമിച്ചിട്ടുള്ളതെന്നും കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു.

സൈനിക നടപടിയെ കോടിയേരി അപമാനിച്ചുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും ആരോപിച്ചു. കോടിയേരി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ്. കോടിയേരിയുടെ നടപടി രാജ്യദ്രോഹമാണെന്നും കോടിയേരിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

പാക്കിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. കാശ്മീരിനെ രാജ്യത്തിന്‍റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.  കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.