Asianet News MalayalamAsianet News Malayalam

'സിപിഎമ്മുകാർക്കും കോൺഗ്രസിനും താടിയുള്ള അപ്പന്‍മാരെയേ പേടിയുള്ളൂ'; ശ്രീധരന്‍പിള്ള

ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാൽ അതിന് ആവിഷ്കാര സ്വാതന്ത്ര്യമെന്ന ഓമനപ്പേരിട്ട് പിന്തുണ കൊടുക്കാൻ ഇടത് വലത് ഭേദമെന്യേ ജനപ്രതിനിധികൾ മത്സരമായിരുന്നു

Sreedharan Pillai facebook post on cartoon controversy
Author
Thiruvananthapuram, First Published Jun 14, 2019, 5:35 PM IST

തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ സർക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകൾ ആത്മാർത്ഥതയോ ഉദ്ദേശശുദ്ധിയോ ഉള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ഇരട്ടത്താപ്പ് കാണിക്കുമ്പോഴാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കമ്യൂണിസ്റ്റ് - കോൺഗ്രസുകാർക്ക് താടിയുള്ളപ്പന്മാരെ മാത്രമേ പേടിയുള്ളൂ എന്നാണെങ്കിൽ പേടിയ്ക്കുന്ന രീതിയിൽ താടി വയ്ക്കാൻ മറ്റുള്ളവരും നിർബന്ധിതരാകുക സ്വാഭാവികമാണ്. ഇതൊക്കെ ഇടതു വലതു മുന്നണികൾ മനസ്സിലാക്കുകയും അവസരവാദ നിലപാടുകൾ ഒഴിവാക്കുകയും ചെയ്യണം- ശ്രീധരന്‍ പിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ആവിഷ്കാരസ്വാതന്ത്ര്യവും ആത്മീയ ചിഹ്നങ്ങളോടുള്ള ബഹുമാനവും ഒരേപോലെ നിലനിർത്തണമെന്നുള്ളതാണ് ബിജെപി നിലപാട്. സരസ്വതീദേവിയെ നഗ്നയായി വരച്ച, സീതാമാതാവിനെയും ഭാരതാംബയേയും അവഹേളിച്ചയാൾക്ക് രാജാരവിവർമ്മ പുരസ്കാരം കൊടുത്തത് മുൻ ഇടതു സർക്കാരിന്റെ കാലത്ത് സാംസ്കാരിക വകുപ്പ് മന്ത്രിയായ എം.എ ബേബിയാണ്. അതേ ബേബി തന്നെ ഒരു ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേരുപയോഗിച്ച ന്യൂമാൻ കോളേജിലെ ടിജെ ജോസഫ് എന്ന അദ്ധ്യാപകനെ മണ്ടൻ എന്നാണ് വിളിച്ചത് . മാത്രമല്ല അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തു. മകന് പൊലീസിന്റെ പീഡനം നേരിടേണ്ടിയും വന്നു. പിന്നെ അദ്ദേഹം അനുഭവിച്ചതെന്തെന്ന് നമുക്കെല്ലാവർക്കും അറിവുള്ളതുമാണ്.

അതേസമയം ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാൽ അതിന് ആവിഷ്കാര സ്വാതന്ത്ര്യമെന്ന ഓമനപ്പേരിട്ട് പിന്തുണ കൊടുക്കാൻ ഇടത് വലത് ഭേദമെന്യേ ജനപ്രതിനിധികൾ മത്സരമായിരുന്നു. മീശ എന്ന നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ നോവലിസ്റ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവാണ് ഇന്നു സഭയിൽ അരങ്ങു തകർത്താടിയത്. ശിവലിംഗത്തെ അവഹേളിച്ച് ചിത്രം വരച്ച പെൺകുട്ടിയെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ പാർലമെന്റംഗം പോലും ഉണ്ടായിരുന്നു.

എല്ലാ വിശ്വാസങ്ങളേയും സംസ്കാരങ്ങളേയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഒട്ടനവധി ചിന്താധാരകൾക്ക് അഭയം നൽകിയ നാടാണിത്. അതുകൊണ്ടു തന്നെ ഒരു വിശ്വാസത്തേയും അവഹേളിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ഈ ചിന്താഗതി എല്ലാവരും വച്ചു പുലർത്തിയാൽ ഇവിടെ ഒരു പ്രശ്നങ്ങളുമുണ്ടാവുകയുമില്ല- ശ്രീധരന്‍ പിള്ള പറഞ്ഞു..
 

Follow Us:
Download App:
  • android
  • ios