അസുഖബാധിതനായി കിടപ്പിലായ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കാൻ ഒരു കൊച്ചു വീടെന്നതായിരുന്നു സ്വപ്നം

തൃശൂർ: വീടുവെക്കാനുളള അഞ്ച് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ കഴിഞ്ഞ 10 വ‍ർഷമായി സര്‍ക്കാര്‍ ഓഫീസുകൾ (Govt Offices) കയറിയിറങ്ങുകയാണ് തൃശൂ‍ർ കൊരട്ടി സ്വദേശി ശ്രീജ (Sreeja). തൊട്ടടുത്തുളള ഭൂവുടമകളെല്ലാം വീടുവെച്ചിട്ടും ഇക്കാലമത്രയും ശ്രീജക്ക് മാത്രം അനുമതി കിട്ടിയില്ല. ഇതോടെ ലൈഫ് പദ്ധതി (Life Project) വഴി വീടുവെക്കാമെന്ന പ്രതീക്ഷയും ഇല്ലാതായി

രണ്ട് ലക്ഷം രൂപ മുടക്കി 2012ലാണ് ശ്രീജ അഞ്ച് സെൻറ് സ്ഥലം വാങ്ങിയത്. അസുഖബാധിതനായി കിടപ്പിലായ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കാൻ ഒരു കൊച്ചു വീടെന്നതായിരുന്നു സ്വപ്നം. മുപ്പത് വര്‍ഷമായി നെല്‍കൃഷി ചെയ്യാതെ തരിശായി ഇട്ടിരിക്കുന്നതിനാൽ വീടു വെക്കാനുളള അനുമതി കിട്ടാൻ തടസ്സമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. 

ആദ്യം അപേക്ഷയുമായി എത്തിയത് കാടുകുറ്റി കൃഷി ഓഫീസിലാണ്. എന്നാൽ ശ്രീജയുടെ അപേക്ഷ കൈപ്പറ്റാൻ പോലും കൃഷി ഓഫീസര്‍ തുടക്കത്തിൽ തയ്യാറായില്ലെന്ന് ശ്രീജ പറയുന്നു. അന്നു മുതല്‍ തുടങ്ങിയതാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തോറുമുളള ശ്രീജയുടെ യാത്ര. ജില്ല കളക്ടര്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റാൻ ആകില്ലെന്നായിരുന്നു മറുപടി. 

തൻറെ പേരില്‍ മറ്റ് സ്ഥലമില്ലെങ്കില്‍ 10 സെൻറ് ഭൂമി വരെ തരം മാറ്റാൻ നിയമം അനുവദിക്കില്ലേയെന്ന ശ്രീജയുടെ ചോദ്യത്തിന് മറുപടിയില്ല.എന്നാല്‍ തൊട്ടടുത്ത് സ്ഥലം വാങ്ങിയവരെല്ലാം വീടുവെച്ച് താമസം തുടങ്ങിയിട്ടും ശ്രീജയ്ക്ക് മാത്രം അനുമതിയില്ല. കഴിഞ്ഞ 10 വ‍ർഷമായി വാടകവീട്ടിലാണ് താമസം. സ്വകാര്യ കമ്പനിയുടെ ഡെലിവറി ഏജന്റായ ശ്രീജയുടെ വരുമാനമാണ് വീടിന്റെ ഏക ആശ്രയം. വാടക മുടങ്ങിയതോടെ താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടുമോയെന്ന ആശങ്കയിലാണ് ശ്രീജ. അതേസമയം ശ്രീജയുടെ അപേക്ഷ തള്ളാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് കാടുകുറ്റി കൃഷി ഓഫീസര്‍ പ്രതികരിച്ചു.