തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ റിമാന്‍റിലായ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിലേത്ത് മാറ്റി. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നാണ്  മെഡിക്കൽ ബോര്‍ഡിന്‍റെ വിശദീകരണം. മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ശ്രീറാം വെങ്കിട്ടരാമന് ലഭ്യമാക്കാനും നടപടി എടുക്കുമെന്നാണ് വിവരം.

കാര്യമായ ബാഹ്യ പരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് അറിയാൻ സ്കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്. അടുത്ത മെഡിക്കൽ ബോർഡ് യോഗം ചേരും വരെ ഐസിയുവിൽ തുടരുമെന്നാണ് വിവരം. 

72 മണിക്കൂര്‍ ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിലപാടെന്നും വിവരമുണ്ട്. ഡയാലിസിസ് വിധേയനായതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലവിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു.