തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തുടക്കം മുതലെ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്നും സർക്കാർ ഇതിന് കൂട്ടുനിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാൻ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാൽ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ മാസം മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ റിമാൻഡിലായ ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.