തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്എസ്എൽഎസി - ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. ഓണ്‍ലൈൻ പഠനത്തിൽ ഒതുങ്ങിയ അക്കാദമിക വർഷത്തിൽ സിലബസിൽ വരുത്തിയ ഇളവുകളായിരുന്നു വിദ്യാർത്ഥികൾക്ക് ആശ്വാസം.

സംശയം തീർക്കാനായി മാത്രം സ്കൂളിലേക്ക് വന്ന ഈ അക്കാദമിക വർഷത്തിൽ പത്താംക്ലാസുകാരെല്ലാം സ്കൂളിൽ ഒന്നിച്ചത് ആദ്യ പരീക്ഷാ ദിനത്തിലാണ്. സാധാരണ പഠനം മുടങ്ങിയതോടെ സിലബസിൽ ഇരുപത് ശതമാനം വെട്ടിക്കുറച്ചിരുന്നു. 80 മാർക്ക് പരീക്ഷയിൽ തെരഞ്ഞെടുത്ത് എഴുതാൻ ഇരട്ടിയിലധികം ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്.

എപ്രിൽ 15 വരെ ഉച്ചക്ക് ശേഷമാണ് പരീക്ഷ. റംസാൻ നൊയമ്പ് തുടങ്ങുന്നതോടെ പരീക്ഷ രാവിലെയാകും. എപ്രിൽ 29ന് എസ്എസ്എൽസി പരീക്ഷ അവസാനിക്കും. വിഷയങ്ങൾ തിരിച്ചാണ് ഓരോ ദിവസവും പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

ഹയർസെക്കൻഡറി പരീക്ഷ 26ന് സമാപിക്കും. ശരീര ഊഷ്മാവ് പരിശോധിച്ചും സാമൂഹ്യ അകലവും മാസ്കും നിർബന്ധമാക്കിയും കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് പരീക്ഷ നടത്തിപ്പ്.