തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടർ. ഐടി പ്രാക്ടിക്കൽ പരീക്ഷാ നടത്തിപ്പിനെതിരെയും മനുഷ്യാവകാശ കമ്മീഷനിൽ പരാതി വന്നിട്ടുണ്ടെങ്കിലും കർശന നിയന്ത്രണങ്ങള്‍ പാലിച്ച് പരീക്ഷ തുടരാനാണ് നിലവിലെ തീരുമാനം. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 5 മുതല്‍ ആരംഭിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ ഡയര്‍ക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.

 

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റിയിട്ടുണ്ട്. മെയ്‌ 3 മുതൽ 8 വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.