നെടുങ്കണ്ടം:  പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാറിന്‍റെ സ്ഥാപനത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.  തട്ടിപ്പിന്‍റെ വ്യാപ്തി കുറച്ചുകാണിക്കാന്‍ പൊലീസ് ശ്രമിച്ചു. സംഭവത്തിന് പിന്നിലെ വമ്പന്മാരെ രക്ഷിക്കാനാണോ പൊലീസിന്‍റെ ശ്രമമെന്ന സംശയം ഇതിനോടകം പലരില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നത് കൂടിയാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഇടുക്കി തൂക്കുപാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫൈനാന്‍സിയേഴ്സില്‍  നാല് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇത് കളവാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവിടുത്തെ  ജീവനക്കാരിയായ യുവതി നടത്തിയിരിക്കുന്നത്. 10 ദിവസം മാത്രമാണ് യുവതി അവിടെ ജോലി ചെയ്തത്. ഈ കാലയളവില്‍ മാത്രം 123 സംഘങ്ങളിലെ ആയിരത്തോളം അംഗങ്ങളില്‍ നിന്നായി കോടികളാണ് പിരിച്ചെടുത്തത്. തന്‍റെ അമ്മയും തട്ടിപ്പിനിരയായതായും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജ്‍കുമാറിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുളളതെന്നും മലയാളവും ഇംഗ്ളീഷും ശരിയ്ക്ക് അറിയില്ലെന്നും വീട്ടുകാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഇത്രയും വലിയ തട്ടിപ്പ് തനിയെ നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.