ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുക സമാഹരിക്കാനുള്ള ധനവകുപ്പ് നീക്കത്തിന് സഹകരണ കൺസോഷ്യത്തിന്‍റെ ഭാഗത്ത് നിന്ന് തണുപ്പൻ പ്രതികരണം.
തിരുവനന്തപുരം:ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുക സമാഹരിക്കാനുള്ള ധനവകുപ്പ് നീക്കത്തിന് സഹകരണ കൺസോര്‍ഷ്യത്തിന്‍റെ ഭാഗത്ത് നിന്ന് തണുപ്പൻ പ്രതികരണം. 2000 കോടി പ്രതീക്ഷിച്ച് ഒരുമാസം മുൻപ് കരാറിൽ ഏര്‍പ്പെട്ടെങ്കിലും ഇതുവരെ സമാഹരിക്കാനായത് 600 കോടി മാത്രം. പെൻഷൻ കുടിശികക്ക് പുറമെ വിഷുവിന് മുൻപ് വിതരണം ചെയ്യാൻ തീരുമാനിച്ച അടുത്ത ഗഡുവിനും പണം വകയിരുത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്.
ഏഴ് മാസത്തെ കുടിശികക്ക് ഒടുവിൽ ഒരുമാസത്തെ പെൻഷൻ അനുവദിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. മസ്റ്ററിംഗ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പെൻഷനെത്തിക്കാൻ ശരാശരി വേണ്ടത് 900 കോടി. ഏപ്രിൽ മാസം മുതൽ അതാത് മാസത്തെ പെൻഷൻ നൽകിപ്പോകാനും പണമെത്തുന്ന മുറയ്ക്ക് ഇടക്കിടെയായി ആറ് മാസത്തെ കുടിശിക തീര്ക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. പതിവു പോലെ പ്രശ്നം പണം തന്നെ. രണ്ട് മാസത്തെ കുടിശിക തീര്‍ക്കാനുള്ള 2000 കോടി സമാഹരിക്കാൻ സഹകരണ കൺസോഷ്യവുമായി ധനവകുപ്പ് ചര്‍ച്ച തുടങ്ങിയത് ഒക്ടോബറിലാണ്. പലിശനിരക്കിലെ അഭിപ്രായ വ്യത്യാസത്തിലുടക്കി ആഴ്ചകളോളം വൈകിയാണ് ഒടുവിൽ 9.1 ശതമാനം പലിശക്ക് പണം സമാഹരിക്കാമെന്ന് ധാരണയായത്. എന്നാൽ വിവിധ സഹകരണ സ്ഥാപനങ്ങൾ സഹകരിച്ച് കിട്ടേണ്ട തുക പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ഇത് വരെ കൺസോഷ്യം സ്വരൂപിച്ചത് 600 കോടിക്ക് അടുത്ത് രൂപമാത്രമാണ്.
കേന്ദ്രത്തിന്‍റെ കടുംപിടുത്തം അയഞ്ഞ് കിട്ടിയ തുകയിൽ നിന്ന് വകയിരുത്തിയാണ് ഒരുമാസത്തെ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് .. അതേസമയം സാമ്പത്തിക വര്ഷാവസാനം കഴിയുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നും പ്രതീക്ഷിച്ച തുകയെത്തുമെന്നുമാണ് സഹകരണ കൺസോഷ്യം പറയുന്നത്
