വിലത്തകര്‍ച്ച, വന്യമൃഗശല്യം , വിലിയിടിവ് തുടങ്ങി അടിത്തറയിളക്കുന്ന അനുഭവങ്ങളുടെ നടുവിലാണ് കർഷകർ ഏറെയും

കോഴിക്കോട് : കാലവര്‍ഷക്കെടുതിയും നാള്‍ക്കുനാള്‍ പെരുകുന്ന വന്യമൃഗശല്യവുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇക്കുറി കര്‍ഷക ദിനാചരണം. അതേസമയം, കര്‍ഷക ദിനം വിപുലമായി ആഘോഷിക്കാനാണ് കൃഷിവകുപ്പ്തീരുമാനം. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പേരില്‍ ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടുമെന്നാണ് പ്രഖ്യാപനം. എല്ലാ ചടങ്ങുകളും മൊബൈലില്‍ ചിത്രീകരിക്കണമെന്നും യൂ ട്യൂബ് ചാനല്‍ തുടങ്ങി വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുളള നിർദേശം.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷിക നിറവിലാണ് രാജ്യം. തൊട്ടു പിന്നാലെയാണ് കേരളത്തിലെ കര്‍ഷക ദിനാചരണം. ആഘോഷത്തിന്‍റെ പ്രതീക്ഷയുടെ അന്തരീക്ഷം പൊതുവില്‍ ഉണ്ടെന്ന് പറയുന്പോഴും സംസ്ഥാനത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ, വിശേഷിച്ച് ചെറുകിട കര്‍ഷകരുടെ ജീവിതത്തില്‍ എത്രത്തോളം ആഘോഷമുണ്ട്. വിലത്തകര്‍ച്ച, വന്യമൃഗശല്യം , വിലിയിടിവ് തുടങ്ങി അടിത്തറയിളക്കുന്ന അനുഭവങ്ങളുടെ നടുവിലാണ് ഏറെ പേരും. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഏറെ വര്‍ണപ്പൊലിമയോടെ മുന്പില്ലാത്ത വിധം കര്‍ഷക ദിനം ആചരിക്കാനാണ് സംസ്ഥാനത്തെ കൃഷിവകുപ്പിന്‍റെ തീരുമാനം.

ഇക്കഴിഞ്ഞ ആറാം തീയതി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍ഷന്‍ ഓഫീസര്‍ കൃഷി ഓഫീസര്‍മാര്‍ക്കയച്ച കത്ത് ഇങ്ങനെ. കര്‍ഷക ദിനാചരണത്തിന്‍റെ ഭാഗമായി എല്ലാ കൃഷി ഭവനുകളും പഞ്ചായത്ത് തോറും വാര്‍ഡ് അടിസ്ഥാനത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഇതിന്‍റെ ഫോട്ടോ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലേക്ക് അയച്ചുകൊടുക്കണം. വിത്ത് വിതയ്ക്കുന്നതിന്‍റെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും കൃഷിയിടത്തിന്‍റെയും പരിപാടിക്കെത്തുന്ന ജനപ്രതിനിധികളുടെയുമെല്ലാം ഫോട്ടോകള്‍ അയക്കണം. ഇതിനു പിന്നാലെ, ഇക്കഴിഞ്ഞ 11ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ഇറക്കിയ അധിക നിര്‍ദ്ദേശങ്ങളില്‍ ഇങ്ങനെ പറയുന്നു. ചിങ്ങം 1ന് പുലര്‍ച്ചെ കൃഷിറക്കുന്ന ദൃശ്യം മൊബൈലിലോ വീഡിയോ ക്യാമറയിലോ പകര്‍ത്തി 'ഞങ്ങളും കൃഷിയിലേക്ക് ഞങ്ങള്‍ കൃഷിയിറക്കുന്നത് ഇത്രത്തോളം വിസ്തൃതിയില്‍ ഇത്രത്തോളം വിളകള്‍' എന്ന വരികള്‍ പങ്കെടുക്കുന്നവര്‍ ഒന്നിച്ചു പറയുന്നത് ചേര്‍ത്ത് വീഡിയോ അതാത് കൃഷി ഓഫീസര്‍മാര്‍ ശേഖരിക്കേണ്ടതാണ്. ബ്ളോക്ക് തലത്തില്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങി അതില്‍ ഈ വീഡിയോ അപ്‍ലോഡ് ചെയ്യുകയും വേണം. ഓരോ കൃഷി ഭവനും കർഷകദിനാചരണത്തിനായി നീക്കിവച്ചിട്ടുളളത് 5000 രൂപ വരെയാണ്. ഈയിനത്തിൽ മാത്രം കൃഷി വകുപ്പ് ഇന്ന് ചെലവിടുന്നത് 53ലക്ഷത്തോളം രൂപയും. തെരഞ്ഞെടുത്ത കാർഷിക ബ്ലോക്കുകളിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കൃഷിദർശൻ പരിപാടിയും ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം, സംവാദവുമുണ്ടാകും.

കര്‍ഷക ദിനാഘോഷം കൂടുതല്‍ ജനകീയമാക്കാനും കൃഷിയിറക്കലിന് ജനഹൃദയങ്ങളില്‍ ഇടം നല്‍കാനുമാണ് ശ്രമമെന്നാണ് ഇതെക്കുറിച്ച് കൃഷിവകുപ്പിന്‍റെ വീശദീകരണം. എന്നാല്‍ സാധാരണ കര്‍ഷകര്‍ക്ക് ഈ കെട്ടുകാഴ്ചകള്‍ എന്തെങ്കിലും ആശ്വാസം പകരുമോ ? കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന നെല്ലുസംഭരണത്തിലെ പാളിച്ചകള്‍ ഏറെ. ഒരു ഭാഗത്ത് മില്ലുടമകളുടെയും ഏജന്‍റുമാരുടെയും ചൂഷണം. മറുഭാഗത്ത് സര്‍ക്കാര്‍ യഥാസമയം പണം നല്‍കിയില്ലെങ്കില്‍ ബാങ്കുകളില്‍ ബാധ്യതക്കാരനാകേണ്ട ഗതികേട്. നീര മുതല്‍ മലബാര്‍ കോഫി വരെ കര്‍ഷകന്‍റെ വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതികളാകട്ടെ ലക്ഷ്യം കണ്ടിട്ടുമില്ല. നാളികേര സംഭരണത്തിലുമുണ്ട് സമാനമായ പ്രശ്നങ്ങള്‍.

കൃഷിയെ ഒരു സംസ്കാരമായും ഉപജീവനമാര്‍ഗ്ഗമായും കൊണ്ടുനടക്കുന്ന തലമുറ വഴിമാറുകയാണ്. പകരമെത്തുന്നത് മട്ടുപ്പാവ് കൃഷി, ഗ്രോബാഗ് കൃഷി, ഓണത്തിന് ഒരുമുറം പച്ചക്കറി പോലെ മറ്റു തൊഴിലും വരുമാനവുമുളളവര്‍ നേരംപോക്കിന് ചെയ്യുന്ന കൃഷി രീതികള്‍. ഫലത്തില്‍ , ഈ പുതിയ രീതികളിലേക്കുളള ചുവടുമാറ്റത്തിന്‍റെ പുത്തന്‍ പ്രഖ്യാപനമായി കൂടി മാറുകയാണ് മൊബൈല്‍ ക്യാമറകള്‍ക്ക് നടുവില്‍ ഒരുക്കുന്ന കര്‍ഷക ഈ ദിനാചരണം