Asianet News MalayalamAsianet News Malayalam

പോക്സോ കേസുകളിലെ അടക്കം ഇരകളോട് കണ്ണിൽ ചോരയില്ലാതെ സർക്കാർ; അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല

620 ആസിഡ് ആക്രമണ, ബലാത്സംഗ കേസ് ഇരകൾക്കടക്കം 14 കോടി 39 ലക്ഷം രൂപയാണ് 4 വർഷത്തിലധികമായി കുടിശ്ശിക. പണം ഇല്ലാത്തതാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്ന് ഫണ്ട് വിതരണത്തിന്‍റെ ചുമതലയുള്ള കെൽസ

State government fail to give compensation for victims including in POCSO case
Author
First Published Dec 21, 2022, 7:13 AM IST

തിരുവനന്തപുരം: കോടതി വിധി പ്രകാരമുള്ള അർഹമായ നഷ്ടപരിഹാരം നിഷേധിച്ച്, പോക്സോ കേസുകളിലെ അടക്കം ഇരകളോട് കണ്ണിൽ ചോരയില്ലാതെ സംസ്ഥാന സർക്കാർ. 620 ആസിഡ് ആക്രമണ , ബലാത്സംഗ കേസ് ഇരകൾക്കടക്കം 14 കോടി 39 ലക്ഷം രൂപയാണ് 4 വർഷത്തിലധികമായി കുടിശ്ശിക. പണം ഇല്ലാത്തതാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്ന് ഫണ്ട് വിതരണത്തിന്‍റെ ചുമതലയുള്ള കെൽസ മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒരു നിമിഷ നേരത്തെ അശ്രദ്ധയ്ക്ക് അധ്യാപിക നൽകിയ ശിക്ഷയാണ് മലയൻകീഴ് കണ്ടല സ്വദേശി അൽ അമീന്‍റെ ജീവിതം മാറ്റിമറിച്ചത്. ക്ലാസിൽ ഒന്ന് ശ്രദ്ധ തെറ്റി പോയതിന് അധ്യാപിക പേന കൊണ്ട് എറിഞ്ഞു. അൽ അമീന്‍റെ കണ്ണിന്‍റെ കാഴ്ച പോയത് 2005ൽ. നീണ്ട 16 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച കോടതി അൽ അമീന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. പക്ഷേ ഇന്ന് വരെ ഒരു രൂപ പോലും അൽ അമീന് കിട്ടിയിട്ടില്ല. നീതിനിഷേധം പൊതുമധ്യത്തിൽ തുറന്ന് പറയാൻ അൽ അമീനെ പോലെ ചുരുക്കം ചില ഇരകൾക്കെ കഴിയൂ. ഒന്നിനുമാകാതെ ക്രൂരമായ അനുഭവങ്ങൾ നേരിട്ട 620 ഇരകളാണ് സംസ്ഥാനത്ത് പുനരധിവാസത്തിനുള്ള നഷ്ടപരിഹാരം കാത്തിരിക്കുന്നത്.

ആസിഡ് ആക്രണത്തിൽ പരിക്കേറ്റവർ, പോക്സോ, ബലാത്സംഗ കേസുകളിലെ അതിജീവിതകൾ, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ, പ്രതിയെ തിരിച്ചറിയാത്ത കേസുകളിലെ ഇരകൾ തുടങ്ങി നിരവധി പേർ. ആസിഡ് ആക്രമണം നേരിട്ടവർക്ക് 15 ദിവസത്തിനകം ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. പോക്സോ കേസുകളിലെ അതിജീവിതകൾക്ക് 30 ദിവസത്തിനകവും. എന്നാൽ 8 കോടി 42 ലക്ഷം രൂപയാണ് ഇവർക്ക് മാത്രമുള്ള കുടിശ്ശിക. 2014ൽ നിലവിൽ വന്ന വിക്ടിം കോപൺസേഷൻ ആക്ട് പ്രകാരം കേരള ലീഗൽ സർവ്വീസസ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ കെൽസക്ക് ഈ വർഷം സംസ്ഥാന സർക്കാരിൽ നിന്ന് കിട്ടിയത് ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രമാണ്.

2014 മുതൽ ഈ മാസം വരെ 662 പേർക്കായി 15 കോടി 91 ലക്ഷം രൂപയാണ്കെൽസ നഷ്ടപരിഹാരം നൽകിയത്. എന്നാൽ ഇതിൽ 7 കോടി 60ലക്ഷം രൂപ കേന്ദ്രസർക്കാർ ഫണ്ടിൽ നിന്നാണ്. 2016ൽ ഒറ്റത്തവണയായി കേന്ദ്രം അനുവദിച്ച ഈ തുക പോലും സംസ്ഥാനം കെൽസക്ക് ലഭ്യമാക്കിയത് 2021ലാണ്. ഈ ഫണ്ട് കൂടി വകമാറ്റി ചിലവഴിക്കുന്നുണ്ടോ സർക്കാരെന്ന ചോദ്യത്തിനാണ് ഉടൻ മറുപടി കിട്ടേണ്ടത്.
 

Follow Us:
Download App:
  • android
  • ios