തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണത്തിലെ അനിശ്ചിതത്വം തീർക്കാൻ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. പുനരധിവാസ പാക്കേജ് കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കരാർ കാലാവധി നീട്ടുന്നതിൽ വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നാണ് സർക്കാരിന്‍റെ നിലപാട്. 

വിഴിഞ്ഞം പദ്ധതിയിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ്  സർക്കാരിന് നൽകിയ പ്രതിമാസ അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വശത്ത് പാറക്കല്ലിന്‍റെ ക്ഷാമം മൂലം പുലിമുട്ട് നിർമ്മാണം നിലച്ചു. മറുവശത്ത് പുനരധിവാസപ്പാക്കേജ് കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ എതിർപ്പ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്‍റെ  ഇടപെടൽ.  

"പുനരധിവാസ പാക്കേജ് കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ അപേക്ഷകൾ പരിശോധിക്കും. ഇവയില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും. അദാനിയുമായും ചര്‍ച്ച നടത്തും. കരാർ കാലാവധി നീട്ടുന്ന കാര്യത്തില്‍  തീരുമാനമെടുക്കുന്നത്  വിശദ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും"- കടന്നപ്പള്ളി രാമചന്ദ്രന്‍ പറ‌ഞ്ഞു.  

മുഖ്യമന്ത്രി യോഗം വിളിച്ചാലും ക്വാറി അനുമതി പ്രധാനവെല്ലുവിളി തന്നെയാണ്. പ്രളയകാലത്ത് അദാനിക്ക്  ക്വാറി അനുമതി നൽകിയത് ഇതിനകം വിവാദമായിരുന്നു. വിഴിഞ്ഞത്തിനായി പാറപൊട്ടിക്കാൻ കണ്ടെത്തിയ പലസ്ഥലങ്ങളിലും പ്രാദേശിക എതിർപ്പ് രൂക്ഷമാണ്. ഉപജീവനം നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രശ്നത്തിൽ വിഴിഞ്ഞം ജമാഅത്തും ഇടവകയും ഒരുപോലെ എതിർപ്പുയർത്തുന്നതും സർക്കാരിന് മുന്നിലെ വെല്ലിവിളിയാണ്. 

പാറക്കല്ല് കൊണ്ടുവരേണ്ട ബാധ്യത അദാനിക്കാണെങ്കിൽ പുനരധിവാസപ്പരാതി തീർക്കേണ്ടത് സർക്കാരാണ്. ജില്ലാ കളക്ടർ അധ്യക്ഷനായ അപ്പീൽ സമിതിയോട് സഹായം കിട്ടാത്തവരുടെ അപേക്ഷകളിൽ വേഗം തീരുമാനമെടുക്കാൻ സർക്കാർ ആവശ്യപ്പെടും. ഏറ്റവും പ്രധാനം കരാർ കാലാവധി നീട്ടലാണ്. കരാർ കാലാവധിയായ ഡിസംബർ നാലിനുള്ളിൽ ആദ്യ ഘട്ടം തീരില്ലെന്നുറപ്പായിക്കഴിഞ്ഞു. കാലാവധി നീട്ടലിൽ സർക്കാരിന്‍റെ  തുടർനിലപാട് എന്താകുമെന്നതാണ് ഇനി പ്രധാനം.