Asianet News MalayalamAsianet News Malayalam

മുണ്ട് മുറുക്കിയുടുക്കണം: എന്നാലും എട്ട് പുതിയ വാഹനങ്ങൾ വാങ്ങും, ഒന്ന് എ സമ്പത്തിന്

ഏത് തരത്തിലുള്ള വാഹനമാണ് വാങ്ങിക്കാനുദ്ദേശിക്കുന്നതെന്ന് നിയമസഭയിൽ വച്ച ഉപ ധനാഭ്യർത്ഥനയിൽ പറയുന്നില്ല. ടോക്കൺ അഡ്വാൻസാണ് അനുവദിക്കുന്നത്. 

state government to buy new vehicles one will be given to ex mp a sampath
Author
New Delhi, First Published Feb 10, 2020, 7:06 PM IST

തിരുവനന്തപുരം: ചെലവ് ചുരുക്കുമെന്ന് പറഞ്ഞ അതേ ബജറ്റ് ദിനം തന്നെ എട്ട് പുതിയ കാറുകൾ വാങ്ങാനുള്ള ഉപ ധനാഭ്യർത്ഥന നിയമസഭയിൽ വച്ച് ധനമന്ത്രി തോമസ് ഐസക്. വിവിധ വകുപ്പുകൾക്കായി എട്ട് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ഉപ ധനാഭ്യർത്ഥനയാണ് നിയമസഭയിൽ വച്ചത്. ഇതിലൊരു കാർ ദില്ലിയിലെ സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനാണ്.

''കാർ വാങ്ങുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉത്തരവ് ഇപ്പോൾത്തന്നെ നിലവിലുണ്ട്. അത് കൃത്യമായി നടപ്പാക്കും. കാർ വാങ്ങുന്നതിന് പകരം മാസവാടകയ്ക്ക് എടുക്കുക എന്നതാണ് സർക്കാരിന്‍റെ നയം'', ചെലവു ചുരുക്കലിന്‍റെ ഭാഗമായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നടത്തിയ പ്രസ്താവനയാണിത്.

ഇതേ പ്രസ്താവന നടത്തിയ അതേ ദിവസം സമർപ്പിച്ച ഉപധനാഭ്യത്ഥനയിൽ എട്ടു പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി തേടുകയും ചെയ്തു. ദില്ലി കേരള ഹൗസ്, ജിഎസ്‍ടി കമ്മീഷണർ, ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണർ, പൊതുമരാമത്ത് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനിയർ, സയൻസ് ആന്‍റ് ടെക്നോളജി വൈസ് പ്രസിഡന്‍റ്, അർബണ്‍ അഫയേഴ്സ് ഡയറക്ടർ, ആലപ്പുഴ വ്യവസായ ട്രൈബ്യൂണൽ, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ എന്നിങ്ങനെ എട്ടു വാഹനങ്ങളാണ് വാങ്ങുന്നത്. ഏതു തരത്തിലുള്ള വാഹനമാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നില്ല. ടോക്കണ്‍ അഡ്വാൻസാണ് അനുവദിച്ചിരിക്കുന്നത്.

കൂടുതൽ പണം വേണ്ടി വന്നാൽ ധനവകുപ്പ് പിന്നീട് അനുവദിക്കും. എന്നാൽ ഈ വാഹനങ്ങളെല്ലാം വാങ്ങാൻ മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും തീരുമാനത്തിന് അനുമതി തേടുക മാത്രമാണ് ചെയ്തതുമെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ദില്ലിയിലെ പ്രത്യേക പ്രതിനിധിയായ എ സമ്പത്തിനെ നിയമിച്ചതടക്കം ധൂർത്താണെന്നുള്ള പ്രതിപക്ഷ ആരോപണം നിലനിൽക്കേയാണ് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി തേടിയത്. ഇതും ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പ്.

Follow Us:
Download App:
  • android
  • ios