Asianet News MalayalamAsianet News Malayalam

വൻകിട നിർമ്മാണങ്ങൾക്ക് നിയമസാധുത നൽകും വിധം ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു

ഭൂവിനിയോഗ രീതിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രത്യേക സമയപരിധി വച്ച് ക്രമപ്പെടുത്തൽ തീരുമാനം നടപ്പാക്കരുതെന്ന വലിയ സമ്മർദ്ദവും സർക്കാരിന് മുന്നിലുണ്ട്. അങ്ങനെ എങ്കിൽ സംസ്ഥാനത്തെ ഭൂവിനിയോഗ ക്രമത്തിൽ വലിയ പ്രത്യാഘാതത്തിനാകും സർക്കാർ തീരുമാനം വഴി വയ്ക്കുക.

State government to reform land laws
Author
First Published Jan 10, 2023, 7:22 PM IST

തിരുവനന്തപുരം: പട്ടയവ്യവസ്ഥ ലംഘിച്ച വൻകിട നിർമ്മാണങ്ങൾക്ക് നിയമസാധുത നൽകും വിധം ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. കാർഷികാവശ്യത്തിന് അനുവദിച്ച ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തും. 23-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബില്ല് അവതരിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം ഇന്ന് തീരുമാനിച്ചിരുന്നു.

1960 ലാണ് സംസ്ഥാനത്ത് ഭൂപതിവ് നിയമം നിലവിൽ വരുന്നത്, ഇതടിസ്ഥാനമാക്കി 1964 ലെ ചട്ടമനുസരിച്ചാണ് പട്ടയഭൂമിയുടെ വിതരണം. എന്താവശ്യത്തിനാണോ ഭൂമി പതിച്ച് നൽകിയത് അതിന് മാത്രമെഉപയോഗിക്കാവു, ഭൂമിയുടെ ഗുണകരമായ അനുഭവം എന്ന് പ്രത്യേകം വ്യവസ്ഥയുള്ളതിനാൽ വൻകിട നിർമ്മാണങ്ങൾക്കുള്ളത് കർശന വിലക്ക്. പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർക്കാനാണ് നിയമ ഭേദഗതി. ജീവിതോപാധിക്കായി നടത്തിയ ചെറു നിര്മ്മാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തി നൽകുന്നിനാകും മുൻഗണന. അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്തും. 

1500 സ്ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്നത് അടക്കം പരിഗണിക്കാനാണ് തീരുമാനം. ക്രമപ്പെടുത്തൽ നടത്തുമ്പോൾ വിദ്യാലയങ്ങളും ആരാധനാലയങ്ങളും പോലുള്ള പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. സംസ്ഥാനത്തിന് പൊതുവിൽ ബാധകമാകുംവിധത്തിൽ ചട്ടങ്ങൾ തയ്യാറാക്കാനാണ് റവന്യൂ -നിയമ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഭൂപതിവ് പട്ടയങ്ങൾ ഏറെയും ഇടുക്കിയിലാണ്. അനധികൃത നിര്ഡമ്മാണങ്ങൾ ക്രമപ്പെടുത്താനും പട്ടയഭൂമിയിലെ നിർമ്മാണങ്ങൾക്ക് ഇളവ് അനുവദിക്കാനും ഇടുക്കിയിൽ നിന്ന് ഉയരുന്ന ആവശ്യത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ല. നിർമ്മാണം ക്രമപ്പെടുത്തുമ്പോൾ അത് ഏത് കാലഘട്ടം വരെ ഉള്ളതാകണം എന്ന കാര്യത്തിൽ ഇന്നത്തെ യോഗം തീരുമാനം എടുത്തിട്ടില്ല. 

ഭൂവിനിയോഗ രീതിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രത്യേക സമയപരിധി വച്ച് ക്രമപ്പെടുത്തൽ തീരുമാനം നടപ്പാക്കരുതെന്ന വലിയ സമ്മർദ്ദവും സർക്കാരിന് മുന്നിലുണ്ട്. അങ്ങനെ എങ്കിൽ സംസ്ഥാനത്തെ ഭൂവിനിയോഗ ക്രമത്തിൽ വലിയ പ്രത്യാഘാതത്തിനാകും സർക്കാർ തീരുമാനം വഴി വയ്ക്കുക.

ഇടുക്കിക്ക് ആശ്വാസം ഒപ്പം ആശങ്കയും... 

കട്ടപ്പന: ഭൂപതിവ് നിയമം ഭേദഗതി ചെയ്യുമെന്ന സർക്കാർ വാഗ്ദാനം ഇടുക്കിക്ക് ആശ്വാസമാണെങ്കിലും ആശങ്കകൾ ഇപ്പോഴും ബാക്കിയാണ്. വൻകിട നിർമ്മാണങ്ങൾ ക്രമീകരിക്കുമ്പോൾ നിയമ പ്രശ്നങ്ങൾ ഉടലെടുക്കുമോയെന്നാണ് ആശങ്ക. ഭൂപതിവ് ചട്ടം കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യണമെന്നത് ഇടുക്കിക്കാരുടെ വ‍ർഷങ്ങളായുള്ള ആവശ്യമാണ്. 64 ലെ ചട്ടപ്രകാരം നൽകിയിരിക്കുന്ന ഭൂമിയുടെ വിനിയോഗം സബന്ധിച്ച നിബന്ധനകളാണ് ഈ ആവശ്യത്തിനു പിന്നിൽ. ഈ നിയമം അനുസരിച്ച് 20 ഓളം ചട്ടങ്ങളും ഭേദഗതികളുമുണ്ട്. 

ഇവക്കെല്ലാം മാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭൂവിനിയോഗത്തിന് ആനുസൃതമായ നിയമമാണ് വേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്. 1500 ചതുരശ്രടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾ പിഴയീടാക്കി ക്രമവത്ക്കരിച്ചു നൽകുമ്പോൾ പലരും കോടതിയി സമീപിക്കും. ഇതോടെ നിമയ ഭേദഗതി വീണ്ടും നിമയക്കുരുക്കിലാകും. ഒപ്പം ഇത് ജീവനോപാധി മാത്രമാണെന്ന് തെളിയിക്കാൻ ഉടമസ്ഥർ പാടുപെടേണ്ടി വരും.

ഇടുക്കിക്ക് മാത്രം നിയമമെന്നതിനു പകരം സംസ്ഥാനത്തിന് ആകെയുള്ള നിയമമാണ് വേണ്ടതെന്നും ആവശ്യമുണ്ട്. അണക്കെട്ടുകളുടെ പത്തു ചെയിൻ മേഖലയിൽ പട്ടയം അനുവദിക്കുമെന്ന തീരുമാനം ഏറെ പ്പേർക്ക് ഗുണകരമാകും.

Follow Us:
Download App:
  • android
  • ios