കൊച്ചി: റെയില്‍വേ ആവശ്യപ്പെട്ടപ്രകാരം ശബരി റെയില്‍ പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. പദ്ധതി നഷ്ടപ്പെടാതിരിക്കാനുള്ള ഏത് നടപടിയും സര്‍ക്കാര്‍ ‍സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി പദ്ധതിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു ജി സുധാകരന്‍. 

20 വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത പദ്ധതി. അനന്തമായി നീളുന്ന ഭൂമിയേറ്റടുക്കല്‍ , നൂറ് കണക്കിന് കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ദുരിതം, പണം കണ്ടെത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം... ഇങ്ങനെ ശബരി റെയില്‍ പദ്ധതി നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത പ്രത്യേക പരമ്പര ചര്‍ച്ച ചെയ്തിരുന്നു.  

സ്വന്തം ചെലവില്‍ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറിയത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി ജി സുധാകരന്‍ ചുണ്ടിക്കാട്ടി. എങ്കിലും നാടിന്‍റെ വിശാല താല്‍പ്പര്യം പരിഗണിച്ച് 50 ശതമാനം വഹിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ തര്‍ക്കങ്ങളാണ് ഭൂമി ഏറ്റെടുക്കലില്‍ ഇപ്പോഴുള്ള പ്രധാന പ്രതിസന്ധിയെന്നും ജി സുധാകരന്‍ പറയുന്നു.