Asianet News MalayalamAsianet News Malayalam

ബാങ്ക് വിളി ഏകീകരിക്കണമെന്ന നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍

രണ്ട് വര്‍ഷം മുന്‍പ് മുസ്‍ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമാനമായ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.
 

state Hajj Committee Chairperson Faisi calls for more cooperation between muslim groups
Author
Malappuram, First Published Jan 14, 2020, 3:17 PM IST

കോഴിക്കോട്: മുസ്‍ലീം പള്ളികളിലെ ബാങ്കു വിളി ഏകീകരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ സി. മുഹമ്മദ് ഫൈസി. ഒന്നിലേറെ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്നു മാത്രം ഉച്ചഭാഷിണിയിലൂടെ  ബാങ്ക് കൊടുത്താല്‍ മതിയെന്ന് വയ്ക്കണമെന്നും രാത്രി സമയങ്ങളില്‍ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും കാന്തപുരം വിഭാഗം നേതാവ് കൂടിയായ സി.മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് മുസ്‍ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമാനമായ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.

നിസ്‍കാരസമയം അറിയിക്കുന്നതിനാണ് ബാങ്ക് കൊടുക്കുന്നത്. കേരളത്തില്‍ പല മുസ‍്ലീം സംഘടനകള്‍ക്കും ഒരേ സ്ഥലത്ത് പള്ളിയുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഒരേ സ്ഥലത്തുള്ള ഒന്നിലേറെ പള്ളികളില്‍ നിന്നും ഒരേസമയം ബാങ്ക് കൊടുക്കുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടാക്കും. ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരു പള്ളിയില്‍ നിന്നു മാത്രം ബാങ്ക് കൊടുത്താല്‍ മതിയെന്ന് തീരുമാനിക്കുന്നതാണ് ഉചിതം.  

ഏത് പള്ളിയിലാണ് ബാങ്ക് കൊടുക്കേണ്ടത് എന്നു തര്‍ക്കം വന്നാല്‍ ആദ്യം നിര്‍മ്മിച്ച പള്ളിയില്‍ മതിയെന്ന് തീരുമാനമെടുക്കണം. ഇക്കാര്യം ഇതര സംഘടന നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. ബാങ്ക് വിളി ഏകീകരിക്കാന്‍ മുസ്ലീം സംഘടനകള്‍ തന്നെ നേതൃത്വം നല്‍കണം. 

രാത്രികാലങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ സദസുകളില്‍ വലിയ ശബ്ദത്തിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പ്രവണത ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. നൂറ് പേരുള്ള സദസിന് പോലും ആയിരം പേര്‍ക്ക് കേള്‍ക്കാവുന്ന ഉച്ചഭാഷിണികളാണ് സ്ഥാപിക്കുന്നത്. ഒരു മതേതരസമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ പൊതുസമൂഹത്തിന്‍റെ താത്പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ന്യൂസ് 18-നോട് സംസാരിക്കവേ ഫൈസി പറഞ്ഞു.  

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും മസ്ജിദുകളിലെ ലൗഡ് സ്പീക്കര്‍ ബാങ്ക് വിളിക്കും അടിയന്തര പ്രാധാന്യമുള്ള അറിയിപ്പുകള്‍ക്കും മാത്രമല്ലാതെ ഉച്ചത്തില്‍ പുറത്തേക്കു വിടുന്നത് നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ നേരത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലീം പള്ളികളിലെ അനാവശ്യമായ മൈക്ക് ഉപയോഗത്തെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെയായിരുന്നു ഹൈദരലി തങ്ങളുടെ ഈ അഭിപ്രായ പ്രകടനം. 

മസ്ജിദുകളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും മൈക്ക് ഉപയോഗിക്കുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ ശബ്ദം നിയന്ത്രിക്കണമെന്നും  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജോലികളിലേര്‍പ്പെടുന്ന പരിസരവാസികള്‍ക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും പാണക്കാട് തങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.  തങ്ങളുടെ ആ ലേഖനം അന്നു വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നെങ്കിലും ആ രീതിയിലുള്ള പരിഷ്കാരങ്ങളൊന്നും തന്നെ പക്ഷേ നടപ്പായില്ല. 

Follow Us:
Download App:
  • android
  • ios