Asianet News MalayalamAsianet News Malayalam

റോഡുകൾ മരണക്കെണിയായിട്ട് ഒന്നരക്കൊല്ലം; ജല അതോറിറ്റിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഉള്ളൂർ - ആക്കുളം റോഡ്, മഞ്ചാടി റോഡ്, ശ്രീ ചിത്തിര തിരുനാൾ റോഡ്, പുലയനാർകോട്ട – എസ് എൻ നഗർ റോഡ് തുടങ്ങിയവ ഗതാഗത യോഗ്യമാക്കാത്തതിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

State Human Rights Commission take case against Kerala Water Authority
Author
Thiruvananthapuram, First Published Jul 19, 2021, 10:36 PM IST

തിരുവനന്തപുരം: സ്വീവേജ് പദ്ധതിക്കായി പൊളിച്ച് ഒന്നര വർഷമായിട്ടും ഉള്ളൂർ - ആക്കുളം റോഡ്, മഞ്ചാടി റോഡ്, ശ്രീ ചിത്തിര തിരുനാൾ റോഡ്, പുലയനാർകോട്ട – എസ് എൻ നഗർ റോഡ് തുടങ്ങിയവ ഗതാഗത യോഗ്യമാക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജല അതോറിറ്റിക്ക് നോട്ടീസയച്ചു.  ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും പരാതി പരിശോധിച്ച്, പരിഹാരമാർഗ്ഗങ്ങൾ ഉൾപ്പെടുത്തി നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.  റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.

ആംമ്പുലൻസിന്റെയും കുടിവെള്ള ടാങ്കറിന്റെയും ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടാണ് റോഡുകൾ മരണക്കെണിയായി മാറിയത്.  സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണ് പണി തുടങ്ങിയത്.  റോഡിൽ വിവിധ ഭാഗങ്ങളിലായി കിണറുകൾ പോലെ ആഴത്തിൽ മാൻഹോളുകൾ ഭാഗികമായി പണിതിട്ടുണ്ട്.  ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടുമാത്രമാണ് പണി ഇഴഞ്ഞു നീങ്ങുന്നത്. ചെളിക്കുഴിയായി മാറിയ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തത് കാരണം പലരും വീടൊഴിഞ്ഞ് നഗരത്തിലെ വാടകവീടുകളിൽ താമസമാക്കി. പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിട്ട് കാലങ്ങളായി. സ്വീവേജ് പണികൾ 25 ശതമാനം പോലും പൂർത്തിയാക്കിയിട്ടില്ല. ഉള്ളൂർ-ആക്കുളം റോഡിന്റെ മധ്യഭാഗത്ത് എടുത്ത വലിയ കുഴികൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.  പൊടിപടലങ്ങൾ കാരണം കടകൾ തുറക്കാൻ കഴിയുന്നില്ല. മുൻ നഗരസഭാ കൗൺസിലർ ജി. എസ് ശ്രീകുമാർ, പ്രദേശവാസികളായ ദീപക്.സി, പ്രദീപ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.

Follow Us:
Download App:
  • android
  • ios