സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്നും നൃത്താവിഷ്കാരം ആരെയും ഏല്‍പിച്ചിട്ടില്ലെന്നും മന്ത്രി.
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. കലോത്സവത്തിന്‍റെ നൃത്താവിഷ്കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെ സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും വി ശിവൻ കുട്ടി പറഞ്ഞു. പരിപാടിക്ക് മുടങ്ങാതെ എത്തുന്ന കാര്യം സുരാജ് പറഞ്ഞപ്പോള്‍ എല്ലാവരും ഇത്തരത്തിൽ ചെയ്യുന്നത് നല്ലതായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കലോത്സവത്തിലെ നൃത്താവിഷ്കാരം സംബന്ധിച്ച കാര്യം പറഞ്ഞത്.
ഓണം വാരാഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖര്‍ സൽമാൻ തുടങ്ങിയവരൊക്കെ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കൊല്ലത്ത് നടന്ന കലോത്സവത്തിൽ മമ്മൂട്ടി രണ്ടു മണിക്കൂര്‍ ചെലവഴിച്ചു. സ്കൂള്‍ കലോത്സവങ്ങളിലുടെ പ്രശസ്തയായി മാറിയ നടിയോടാണ് ഇക്കാര്യം തന്‍റെ പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടത്.
അവര്‍ അഞ്ച് ലക്ഷം രൂപയാണ് പ്രസ് സെക്രട്ടറിയോട് ചോദിച്ചത്. താൻ മറുപടിയൊന്നും വന്നില്ല. താൻ പറഞ്ഞ ഇക്കാര്യം വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. യുവജനോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തിട്ടേയുള്ളു ഇപ്പോള്‍. കുട്ടികളുടെ പരിപാടിയാണെന്ന പരിഗണന എല്ലാവരും നൽകാറുണ്ട്. കലോത്സവത്തിന് മുമ്പായി കുട്ടികളെ നിരാശരാക്കുന്ന ഇത്തരം ചര്‍ച്ച ആവശ്യമില്ല. വെഞ്ഞറമൂട് നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദവും ഇതോടെ തീരട്ടെയെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. താൻ പറഞ്ഞ കാര്യത്തിൽ ഇനി ചര്‍ച്ച വേണ്ടെന്നും ഇതോടെ എല്ലാം തീരുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു നടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്നും കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
അടുത്ത മാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം. അവതരണ ഗാനത്തിനൊപ്പം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്താവിഷ്കാരം ഉണ്ട്. അതിന് കുട്ടികളെ പഠിപ്പിക്കാവോ എന്ന് ചോദിച്ചപ്പോൾ നടി സമ്മതിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ പ്രതിഫലം വേണമെന്നും പറഞ്ഞു. പേര് വെളിപ്പെടുത്താതെയാണ് മന്ത്രിയുടെ വിമർശനം. പണം കൊടുത്ത് കൊണ്ട് നടിയെ കൊണ്ട് നൃത്തം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറയുന്നു.
മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചു. കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവത്തിൽ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ വന്നതും പ്രതിഫലം വാങ്ങാതെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു. മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചയുണ്ടായി. ഇതോടെയാണ് പ്രസ്താവന പിന്‍വലിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്.

