തൃശൂർ: മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഇന്ന് സമാപിക്കും. ഓവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ പാലക്കാട് ജില്ലയാണ് മുന്നിലുള്ളത്. ആകെയുള്ള 154 ഇനങ്ങളിൽ 136 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ പാലക്കാടിന് 1284 പോയിൻ്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലക്ക് 1277 പോയിൻ്റുണ്ട്.

കണ്ണൂർ 1269 പോയിൻ്റുമായി മൂന്നാമതും 1235 പോയിൻ്റുമായി മലപ്പുറം നാലാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 141 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കണ്ടറി ഒന്നാമതാണ്. 127 പോയിന്റുമായി വയനാട് ദ്വാരക എസ്എച് എച്എസ്എസ് രണ്ടാമതും 113 പോയിൻ്റുമായി കോഴിക്കോട് മേമുണ്ട എച്ച്എസ്എസ്  മൂന്നാമതും നിൽക്കുന്നു.

എങ്കിലും അന്തിമ വിജയികളെ അറിയാൻ അവസാന മത്സരങ്ങൾ കഴിയുന്നത് വരെ കാത്തിരിക്കണം. ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം ക്വിസ് മത്സരങ്ങളും ഐടി മേളയിലെ ഏതാനും മത്സരങ്ങളുമാണ് ഇന്ന് നടക്കുക. വൈകിട്ട് നാല് മണിക്കാണ് സമാപന സമ്മേളനം.