ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഉദ്യോ​ഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്നാണ് സിവിൽ പൊലീസ് ഓഫീസർ‌ റെജിമോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോ​ഗസ്ഥർ പറഞ്ഞെന്ന് പൊലീസുദ്യോ​ഗസ്ഥയുടെ മൊഴി. ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഉദ്യോ​ഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്നാണ് സിവിൽ പൊലീസ് ഓഫീസർ‌ റെജിമോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. 

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നുള്ള കസ്റ്റംസിന്റെ സത്യവാങ്മൂലം ഏറെ വിവാദമാകുകയും ഇതിനെതിരെ സിപിഎം തന്നെ നിയമനടപടികളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇഡി ഉദ്യോ​ഗസ്ഥർ സമ്മർദ്ദം ചെലുത്തിയാണ് സ്വപ്ന സുരേഷിനെക്കൊണ്ട് പല മൊഴികളും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പറയിപ്പിച്ചതെന്ന പൊലീസുദ്യോ​ഗസ്ഥരുടെ മൊഴികൾ പുറത്തുവരുന്നത്. 

ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി. ഈ പണം ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയതാണെന്ന് പറയണം. അങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് ഇഡി ഉദ്യോ​ഗസ്ഥർ സ്വപ്നയോട് സമ്മർദ്ദം ചെലുത്തുന്നത് താൻ കേട്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് വായിച്ചുനോക്കാൻ പോലും അനുവദിച്ചില്ല എന്ന് സ്വപ്ന തന്നോട് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാകാമെന്നും റെജിമോളുടെ മൊഴിയിലുണ്ട്. 

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിന്റെ ഉറവിടം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ആ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിനാണ് റെജിമോൾ മൊഴി നൽകിയിരിക്കുന്നത്.