Asianet News MalayalamAsianet News Malayalam

ഡോളർ കടത്ത് കേസ്: ഉന്നത വ്യക്തികൾക്ക് പങ്കെന്ന് കസ്റ്റംസ്, മൊഴി ഹാജരാക്കി, ആശങ്കയുളവാക്കുന്നതെന്ന് കോടതി

കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുളള സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ മൊഴിയാണ് മുദ്രവെച്ച കവറിൽ കസ്റ്റംസ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. 

statement of accused in dollar smuggling case submit in special court
Author
Kochi, First Published Nov 30, 2020, 9:04 PM IST

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയതിൽ കൂടുതൽ ഉന്നത വ്യക്തികൾക്ക് പങ്കുണ്ടന്ന് സ്വപ്ന സുരേഷ് കസ്റ്റസിന് മൊഴി നൽകി. കസ്റ്റംസ് മുദ്രവെച്ച കവറിൽ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് പ്രത്യേക കോടതിയും നിരീക്ഷിച്ചു. എം  ശിവശങ്കറെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും.

കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുളള സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ മൊഴിയാണ് മുദ്രവെച്ച കവറിൽ കസ്റ്റംസ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഈ മൊഴികൾ പരിശോധിച്ചശേഷമാണ് ഏറെ ആശങ്കയുണ്ടാക്കുന്നതെന്ന പരാ‍മർശം സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി നടത്തിയത്. ഉന്നതരായ വ്യക്തികളുടെ പേരുകൾ മൊഴിയിലുണ്ടെന്നും ഇവർക്ക് ഡോളർ കടത്തിൽ പങ്കാളിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇതേക്കുറിച്ച് വിശദമായ അന്വേഷണവും ആവശ്യമാണ്. ഇരു പ്രതികളേയും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം അംഗീകരിച്ച കോടതി സ്വപ്നയേയും സരിത്തിനേയും മൂന്നു ദിവസത്തേക്കുകൂടി കസ്റ്റംസിന് വിട്ടു കൊടുത്തു. എന്നാൽ തനിക്ക് ചില കാര്യങ്ങൾ രഹസ്യമായി പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയെ അറിയിച്ചു. പറയാനുളളത് അഭിഭാഷകൻമുഖേന എഴുതിനൽകാനും കോടതി ആവശ്യപ്പെട്ടു. 

സ്വർണക്കടത്തുകേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് എം ശിവശങ്കറേയും കസ്റ്റംസ് കോടതിയിൽ ഹാജരാക്കി. ശിവശങ്കർ ഉപയോഗിച്ചിരുന്ന മറ്റൊരു ഫോൺ കൂടി കണ്ടെടുത്തെന്നും ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് അറിയിച്ചു. 7 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. 

Follow Us:
Download App:
  • android
  • ios