ഗുജറാത്ത് പൊലീസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല് മതിയെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ് ബാങ്ക് അധികൃതര്‍ കൈയൊഴിഞ്ഞു.
ആലപ്പുഴ: ആരോ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം എടുക്കാന്‍ കഴിയാതെ ആറ് മാസമായി നെട്ടോട്ടമോടുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ചെറുകിട വ്യാപാരിയായ ഇസ്മായില്‍. കടയില്‍ സാധനം വാങ്ങാനെത്തിയ യുവതി ഗുഗിള്‍ പേ വഴി നല്‍കിയ 300 രൂപയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ വീട് നിര്‍മാണം പോലും മുടങ്ങി. ഗുജറാത്തിലെ ഒരുകേസുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്നും സൈബർ സെല്‍ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതാണെന്നുമാണ് ബാങ്ക് പറയുന്നത്.

തൃക്കുന്നപ്പുഴ പാനൂരില്‍ പത്തരിക്കട നടത്തി രണ്ടറ്റവും കൂട്ടിമുട്ടിക്കുകയാണ് ഇസ്മായില്‍. സ്വന്തം വീട് എന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്. ഒടുവില്‍ വീടു നിര്‍മാണം തുടങ്ങി. ആദ്യഘട്ടമായി കരാറുകാരന് നാല് ലക്ഷംരൂപയുടെ ചെക്ക് നല്‍കി. ഫെഡറൽ ബാങ്കിന്‍റെ അമ്പലപ്പുഴ ശാഖയില്‍ ചെക്ക് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇസ്മായിലിന്‍റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 19 ന് ഇസ്മായിലിന്‍റെ അക്കൗണ്ടില്‍ വന്ന 300 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹല്‍വാദ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും സൈബര് വിംഗിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി എന്നുമായിരുന്നു മറുപടി.
അക്കൗണ്ട് പരിശോധിച്ച ഇസ്മായില്‍, അയല്‍പ്പക്കത്തെ യുവതി സാധനങ്ങൾ വാങ്ങിയതിന് ഗുഗിള്‍ പേ വഴി നല്‍കിയ 300 രൂപയാണന്ന് തെളിവ് സഹിതം പറഞ്ഞു. ഗുജറാത്ത് പൊലീസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല് മതിയെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ് ബാങ്ക് അധികൃതര്‍ കൈയൊഴിഞ്ഞു. പിന്നീട് ഫെഡറൽ ബാങ്കിന്‍റെ ആലുവയിലുള്ള ആസ്ഥാനത്ത് പരാതി പറയാനെത്തിയ തന്നെ കാണാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലന്ന് ഇസ്മയില്‍ പറയുന്നു.
ഗുജറാത്ത് ഹല്‍വാദ് പൊലീസ് സ്റ്റേഷനില് ബന്ധപ്പെട്ടപ്പോള്‍ ഒരു കേസ് നമ്പർ നൽകി കൈയൊഴിഞ്ഞു. ഇതോടെ വീട് നിര്‍മാണവും മുടങ്ങി. താൻ വിയർപ്പൊഴുക്കി നേടിയ പണം ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതൽ ഹൈക്കോടതി വരാന്ത കയറി ഇറങ്ങുകയാണ് ഈ അമ്പത്തഞ്ചുകാരന്‍.
യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ; വ്യാപാരികൾ ആശങ്കയിൽ
